കഞ്ഞിക്കുഴി: 26മുതൽ 30 വരെ കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ജില്ല സ്കൂൾ കലോത്സവ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീപ് മധു അദ്ധ്യക്ഷത വഹിച്ചു.. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളിൽ ഏഴ് സബ് ജില്ലകളിൽ നിന്നുമായി നാലായിരത്തിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യരക്ഷാധികാരിയായും എം.എൽ.എമാർ, ജില്ല കളക്ടർ, സ്കൂൾ മാനേജർ ബിജു മാധവൻ തുടങ്ങിയവർ രക്ഷാധികാരിയായുമാണ് സ്വാഗതസംഘം രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു വർക്കിങ് ചെയർമാനാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ്. ഷാജി കൺവീനറായുള്ള സ്വാഗതസംഘം കമ്മിറ്റിയും ഉപകമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, മാനേജർ ബിജു മാധവൻ, വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. ഷാജി സ്കൂൾ പ്രിൻസിപ്പൽ രാജി ജോസഫ്,ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ, തുടങ്ങിയവരും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.
വിപുലമായ
സൗകര്യങ്ങൾ
കലോത്സവം നടക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സ്വാഗതസംഘം കമ്മിറ്റി തീരുമാനിച്ചു.. ഹൈറേഞ്ചിലും ലോഞ്ചേറിലുമുള്ളവർക്ക് എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ പ്രദേശമാണ് കഞ്ഞിക്കുഴി. പാർക്കിങിന് ആവശ്യമായ സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും സ്റ്റേജുകളും കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും കുറ്റമറ്റതാക്കി മാറ്റുമെന്നും സ്വാഗതസംഘം കമ്മിറ്റി പറഞ്ഞു. താമസത്തിനാവശ്യമായ സംവിധാനങ്ങൾ കഞ്ഞിക്കുഴിയിലുണ്ട്. മത്സരാർഥികൾക്കും ഒപ്പം എത്തുന്ന അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും കലോത്സവത്തിൽ പങ്കെടുക്കാൻ എല്ലാ സംവിധാനങ്ങളും കഞ്ഞിക്കുഴിയിലുണ്ടെന്ന് സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു