
പീരുമേട്: ശരണ മന്ത്രങ്ങളുമായി പരമ്പരാഗത കാനനപാതയായ സത്രം പുല്ല് മേട് കാനനപാതയിലൂടെ ശബരിമല തീർത്ഥാടകർ സന്നിധാനത്തേക്ക് യാത്ര ആരംഭിച്ചു. രാവിലെ 7.45 ഓടെയാണ് ആദ്യ തീർത്ഥാടക സംഘം യാത്ര പുറപ്പെട്ടത്. ശബരിമല തീർത്ഥാടകർക്ക് മുന്നോടിയായി ആർ.ആർ.ടി. ഉദ്യോഗസ്ഥരും സത്രത്തിൽ നിന്നു പുല്ല് മേട് വരെ ശബരിമല തീർത്ഥാടകരെ അനുഗമിച്ചു. ശബരിമല തീർത്ഥാടനത്തിന്റെ ആദ്യദിവസമായ ഇന്നലെ സത്രം പുല്ല് മേട് വഴി 410 തീർത്ഥാടകരാണ് പുറപ്പെട്ടത്. രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് സത്രം വഴി ശബരിമല തീർത്ഥാടകരെ സത്രത്തിൽ നിന്നും കയറ്റി വിടുന്നത്. ആദ്യ ദിവസംതന്നെ തമിഴ്നാട് ആന്ധ്രപ്രദേശ് തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്കൊപ്പം കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീർത്ഥാടകർ എത്തിയിരുന്നു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം മാണ് യാത്ര ആരംഭിച്ചത്. രാവിലെ തന്നെ വാഴൂർ സോമൻഎം. എൽ .എ സത്രത്തിൽ എത്തി ക്രമികരണങ്ങൾ വിലയിരുത്തി. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ്, അഴുത റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജ്യോതിഷ് ജെ. ഒഴാക്കൻ എന്നിവരുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
12 കിലോമീറ്റർ ദൂരം
സത്രത്തിൽ നിന്നും സന്നിധാനത്തേക്ക് 12 കിലോമീറ്റർ ദൂരമുണ്ട്. പുല്ലുമേട്, ഉപ്പുപാറ, പൂങ്കാവനം, പാണ്ടിത്താവളം വഴി സന്നിധാനത്തിൽ എത്തുന്ന അതിപുരാതന പാതയാണിത്. ചെങ്കുത്തായ കയറ്റവും, ചെങ്കുത്തായഇറക്കവും ഈ കാനന പാതയുടെ പ്രത്യേകതയാണ്. പതയ്ക്കിരുവശവും കാട്ടാന, കാട്ടുപോത്ത്, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങളെ ശബരിമല തീർത്ഥാടന കാലത്ത് ഭക്തർ വഴിയിൽ കണ്ടിരുന്നു.
സമയക്രമം
ഏർപ്പെടുത്തി
ശബരിമല മണ്ഡല മകര വിളക്ക് ഹോത്സവവു മായി ബന്ധപ്പെട്ട് കാനന പാതയിലൂടെ തീർത്ഥാടകരുടെ സഞ്ചാരത്തിന് സമയ ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷിതവും സുഗമവുമായ യാത്രാ സൗകര്യം കണക്കിലെടുത്താണ് സമയക്രമീകരണം ഏർപ്പെടുത്തിയത്.
സത്രം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ, അഴുതക്കടവ് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2.30 വരെ, മുക്കുഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 3 വരെ, ശബരിമലയിൽ നിന്ന് സത്രം (തിരികെ വരുന്നത്) രാവിലെ 8 മുതൽ 11 വരെ എന്ന രീതിയിലാണ് സമയക്രമം.