
പൈനാവ് : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ എന്നിവയുടെ കുടിശ്ശിക തീർത്ത് ലഭ്യമാക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, കേന്ദ്ര ഗവൺമെന്റിന്റെ സംസ്ഥാനത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാർ ജനുവരിയിൽ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് .സജീവ് പറഞ്ഞു. പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ ചേർന്ന ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 10, 11 തീയതികളിലായി ജീവനക്കാർ 36 മണിക്കൂർ രാപ്പകൽ സത്യാഗ്രഹം സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച് പ്രതിഷേധത്തിന് തുടക്കം കുറിക്കുകയാണ്. ജില്ലാ പ്രസിഡന്റ് കെ എസ് രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ .രമേശ് , ഡി.ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി സാജൻ, വനിത കമ്മിറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ, വനിതാ ജില്ലാ സെക്രട്ടറി സി. ജി അജീഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ .ബിജുമോൻ സ്വാഗതവും മേഖല സെക്രട്ടറി എൻ കെ സജൻ കൃതജ്ഞതയും രേഖപ്പെടുത്തി.