ഇടുക്കി: വയനാട്ടിലെ ചൂരൽമല ദുരന്തത്തിന്റെ ഇരകളെ വഞ്ചിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ ജില്ലയിൽ 10 കേന്ദ്രങ്ങളിൽ 21 ന് കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് സി.പി.ഐ മാർച്ചും ധർണ്ണയും നടത്തും. മൂന്നാർ, അടിമാലി, ശാന്തൻപാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, പീരുമേട്, ഏലപ്പാറ, മൂലമറ്റം, തൊടുപുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കേന്ദ്രസർക്കാർ നടത്തിയ കൊടുംചതിക്കെതിരെ 21 ന് സംസ്ഥാന വ്യാപകമായി സി.പി.ഐ പ്രതിഷേധ ദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ ഭാഗമാണ് കേരളമെന്ന കാര്യം പോലും കേന്ദ്രം മറക്കുകയാണെന്ന് ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടിലൂടെ പുനരധിവാസ പ്രവർത്തനങ്ങൾക്കാകെ കേന്ദ്ര സർക്കാർ തുരങ്കം വയ്ക്കുകയാണ്. മാർച്ചും ധർണ്ണയും വൻ വിജയമാക്കാൻ കെ സലിംകുമാർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.