തൊടുപുഴ: വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബാലാവകാശ സംരക്ഷണ വാരാചരണം 2024 നോട് അനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളും ജില്ലാ കളക്ടർ വി. വിഘ്നേശ്വരിയുമായി സംവാദം സംഘടിപ്പിച്ചു. മുട്ടം മലങ്കര ചിൽഡ്രൻസ് പാർക്കിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 80 ഓളം കുട്ടികൾ പങ്കെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗമായ അഡ്വ. അനിൽ ജെ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. രഹന പി.എൻ, എബ്രഹാം, പുഷ്പലത എം.എൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ നിഷാ വി.ഐ, പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, സോഷ്യൽ വർക്കർ അമലു മാത്യു എന്നിവരും കുട്ടികളുമായി സംവദിച്ചു. കളക്ടർ കുട്ടികൾക്കൊപ്പം പാടുകയും നൃത്തം ചെയ്യുകയും അവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗെയിംസും നടത്തി.