തൊടുപുഴ: പെട്രോൾ പന്പിൽ നൽകിയ പണത്തിന്റെ ബാക്കി നൽകിയില്ലെന്ന് ആരോപിച്ച് യുവാവിന്റെ നേതൃത്വത്തിൽ ജീവനക്കാർക്ക് നേരെ ഭീഷണിയും കൈയേറ്റശ്രമവും നടന്നതായി പരാതി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തൊടുപുഴ- മങ്ങാ‌ട്ടുകവലയിൽ പ്രവർത്തിക്കുന്ന ഒളിമ്പ്യൻ മേഴ്സിക്കുട്ടന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിലായിരുന്നു തർക്കം നടന്നത്. വൈകിട്ട് ബൈക്കിൽ പെട്രോൾ അടിക്കാനാത്തിയ യുവാവ് 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം മടങ്ങിപ്പോയതായി പമ്പ് ജീവനക്കാർ പറയുന്നു. വൈകിട്ട് പിതാവിനെയും മറ്റൊരാളെയും കൂട്ടിയെത്തിയ യുവാവ് താൻ 500 രൂപയാണ് നൽകിയതെന്നും ഇതിന്റെ ബാക്കി 400 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഫോണിൽ മറ്റു പലരെയും വിളിച്ച് വരുത്തി. ഇവർ ചേർന്ന് പമ്പ് മാനേജരെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തുകയും പണം തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഇവർ നടത്തിപ്പുകാരനെയും പൊലീസിനെയും വിളിച്ചുവരുത്തി. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്. പന്പിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് എത്ര തുക നൽകിയെന്ന് കൃത്യമായി നൽകാൻ സാധിച്ചില്ലെന്ന് നടത്തിപ്പുകാരൻ പറഞ്ഞു. പമ്പ് അധികൃതർ തൊടുപുഴ ഡിവൈ.എസ്.പിക്കും​ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.