തൊടുപുഴ: ലഹരിവലയിലകപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ മോചിതമാക്കാനും ഇവർക്ക് തൊഴിൽ സുരക്ഷയൊരുക്കാനും പദ്ധതിയുമായി സർക്കാർ. മനുഷ്യാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി തൊഴിൽ- എക്സൈസ്- പൊലീസ് വകുപ്പുകൾ സംയുക്തമായാണ് നടപ്പിലാക്കുന്നത്. ലഹരി ഉപയോഗം കുറയ്ക്കുന്നതിന് പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നുണ്ട്. നേരത്തെയും ക്ലാസുകൾ നടത്തിയിരുന്നെങ്കിലും കൊവിഡിന് ശേഷം 2022 മുതലാണ് ലഹരി വിമുക്ത ക്യാമ്പുകൾ സജീവമായത്. സെമിനാറുകളും ക്ളാസുകളും വഴി തൊഴിലാളികൾക്കിടയിൽ നല്ല രീതിയിൽ മാറ്റം ഉണ്ടായിട്ടുണ്ടെന്നും പൊലീസും എക്സൈസും പറയുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് അവർക്ക് വേണ്ട തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്. 'അതിഥി ആപ്പ് ", അതിഥി പോർട്ടൽ എന്നിവയിലൂടെ വിവരങ്ങൾ ശേഖരിച്ച് തൊഴിലാളികളുടെ രജിസ്ട്രേഷനും നടത്തുന്നു. ഇതുവരെ ജില്ലയിൽ എണ്ണായിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലഹരി വലയിലാക്കാൻ മാഫിയ

ഇതരസംസ്ഥാന തൊഴിലാളികളെ ലഹരിമുക്തമാക്കാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോഴും തൊഴിലാളികളെ ലഹരിയുടെ വലയിലാക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ലഹരി മാഫിയ. ഹാൻസ്, പാൻപരാഗ്, ചൈനി ഖൈനി, കൂൾലിപ്പ് തുടങ്ങി മാരകമായ നിരോധിത പാൻമസാല ഉത്പന്നങ്ങൾ തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ മാഫിയകൾ നേരിട്ട് എത്തിക്കുന്നുണ്ട്. പൊലീസും ആന്റിനർക്കോട്ടിക് സെല്ലും എക്‌സൈസും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് മാഫിയകളുടെ പ്രവർത്തനം. മയക്ക് മരുന്നുകൾ കൈമാറാൻ ഇവർ ഉപയോഗിക്കുന്നത് ആശുപത്രി പരിസരങ്ങളും പാർക്കുകളും റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമാണ്. ഇവിടെ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികൾ തന്നെ. ഉത്പന്നങ്ങൾ തീരുന്നതിനനുസരിച്ച് യഥേഷ്ടം ഇവിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനും സംവിധാനങ്ങൾ ഉണ്ട്. മൊബൈലിലൂടെ സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും വിൽപ്പന നടക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെത്തുന്ന മാഫിയാ സംഘാംഗങ്ങൾ അവിടെനിന്ന് വിശ്വസ്തരായ ചിലരുമായി പരിചയം സ്ഥാപിക്കുകയും ഇവരിലൂടെ മറ്റുള്ളവരിലേക്ക് ലഹരികൾ കൈമാറുകയുമാണ് പതിവ്.