മുട്ടം: മലങ്കര ഡാമിന് സമീപം മത്സ്യത്തൊഴിലാളികൾ നീർനായകളെ കണ്ടു. ഇന്നലെ രാവിലെ ഡാമിന് താഴ്ഭാഗത്താണ് മീൻ പിടിക്കാനെത്തിയവർ അക്രമസ്വഭാവമുള്ള നീർനായകളെ കണ്ടത്. ഇവിടെ നീർനായ ഉള്ളതായി പലരും പറയാറുണ്ടെങ്കിലും ഇതിന് മുമ്പ് സ്ഥിരീകരിച്ചിട്ടില്ല. വെള്ളത്തിലിറങ്ങിയാൽ ഇവ കടിക്കും. ഒട്ടേറെ ആളുകൾ കുളിക്കാനായും മീൻ പിടിക്കാനും എത്തുന്ന സ്ഥലത്താണ് നീർനായയെ കണ്ടത്. രണ്ട് ദിവസമായി ഇവിടെ നീർനായയുടെ സാന്നിധ്യം കാണുന്നതായി നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നീർനായ ഒട്ടേറെ ആളുകളെ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. അതിനാൽ പ്രദേശത്ത് വെള്ളത്തിൽ ഇറങ്ങുന്നവർ സൂക്ഷിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.