ഇടുക്കി: ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ (എ.ഐ.കെ.കെ.എം.എസ്) നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ഇടുക്കി കളക്ട്രേറ്റിന് മുമ്പിൽ കർഷക ധർണ്ണയും കളക്ടർക്ക് നിവേദന സമർപ്പണവും നടത്തി. കർഷകരുടെ ഉത്പന്നങ്ങൾക്ക് ഉത്പാദനചിലവിന്റെ ഒന്നരമടങ്ങ് അടിസ്ഥാന താങ്ങുവില (എം.എസ്.പി) നൽകുക, വൈദ്യുതി ഭേദഗതി ബിൽ 2023 പിൻവലിക്കുക, കർഷകരുടെ കടങ്ങൾ പൂർണ്ണമായും എഴുതി തള്ളുക, വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ സമരം ഉദ്ഘാടനം ചെയ്തു. ജോയി പുളിയംമാക്കൽ അദ്ധ്യക്ഷത വഹിച്ചു. സിബി സി. മാത്യു, എൻ.കെ. സുരേഷ്, മാത്യു ജേക്കബ്ബ്, എം.എസ്. ചിന്താമണി, രമ സുരേഷ്, ജെറീഷ് ആലക്കോട് തുടങ്ങിയവർ സംസാരിച്ചു.