ചെറുതോണി: പട്ടിക വിഭാഗ സംവരണത്തിൽ ആഗസ്റ്റ് ഒന്നിലെ സുപ്രീം കോടതി വിധിയിലൂടെ മേൽത്തട്ട് പരിധിക്കും ഉപവർഗ്ഗീകരണത്തിനും സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരെ കേന്ദ്രം നിയമം നിർമ്മിക്കണമെന്നും സംസ്ഥാനങ്ങൾ പെട്ടെന്ന് വിധി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് ഡിസംബർ 10ന് ജനലക്ഷങ്ങളെ അണിനിരത്തി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ ദളിത് ആദിവാസി സംയുക്ത സമിതി പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി 25ന് ഈ ആവശ്യങ്ങൾ എഴുതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും 25000 പോസ്റ്റ് കാർഡുകൾ അയക്കും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്താനും ചെറുതോണി ഇടപ്പറമ്പിൽ ബേക്കറി ഹാളിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. സി.എസ്.ഡി.എസ് സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സെക്രട്ടറിയേറ്റ് മെമ്പർ സാബു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ കെ.കെ. സുശീലൻ, ശിവൻ കോഴിക്കമാലി, സണ്ണി കണിയാമറ്റം, മോബിൻ ജോണി, മനോജ് കുമളി എന്നിവർ സംസാരിച്ചു.