തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളെ വഴിയാധാരമാക്കുന്ന സർക്കാരിന്റെ ഭൂനിയമങ്ങൾക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാളെ ചെറുതോണി ഗ്രീൻലാന്റ് തിയേറ്ററിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ സർക്കാരുകളും റവന്യൂ ഭൂമിയായി അംഗീകരിക്കപ്പെട്ട സി.എച്ച് .ആ‌‌ർ വനഭൂമിയാണെന്ന് രേഖ സൃഷ്ടിച്ചത് പിണറായി സർക്കാരാണ്. 2018 സെപ്തംബർ ആറിലെ വനം വകുപ്പ് റിപ്പോർട്ട്, 2022 മേയ് ഏഴിലെ സർക്കാർ തീരുമാനം, 2024 ജൂൺ 12ലെ നിയമസഭ റിപ്പോർട്ട് എന്നിവയെല്ലാം സി.എച്ച്.ആർ വനഭൂമിയാണെന്ന് സർക്കാർ അംഗീകരിച്ചതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി. രേഖകൾ അമിക്യസ്ക്യൂറി ഹാജരാക്കിയപ്പോൾ സർക്കാർ അഭിഭാഷകർ എതിർക്കാതിരുന്നത് സർക്കാരിന്റെ നിശബ്ദ അനുമതിയോടെയാണ്. രേഖകൾ തിരുത്തി യഥാർത്ഥ സ്ഥിതി കോടതിയെ അറിയിച്ചില്ലെങ്കിൽ കർഷകരെ ഇറക്കിവിടുന്നതിനുള്ള വിധിയായിരിക്കും ഉണ്ടാവുക. എട്ട് വർഷമായി കുത്തകപാട്ടം പുതുക്കി നൽകാത്തതിന്റെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഈ ഭൂമിയും വനത്തിന്റെ ഗണത്തിലാക്കി കർഷകരെ ഒഴിവാക്കുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ് കുത്തകപാട്ടം പുതുക്കാത്തത്. ഭൂപതിവ് നിയമഭേദഗതിയിലൂടെ ഹൈറേഞ്ചിലെ ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണം. കുടയത്തൂർ, ചെങ്കുളം, ചിന്നക്കനാൽ, ആനയിറങ്കൽ, കുമളി എന്നീ വില്ലേജുകളിലെ റവന്യൂഭൂമി വനഭൂമിയാക്കിയ ഉത്തരവ് അസാധുവാക്കണം. പത്ത്ചെയിൻ പ്രദേശത്ത് പട്ടയം നൽകാൻ പാടില്ലെന്ന 2019 ജനുവരി 29ലെ സർക്കാർ തീരുമാനം പിൻവലിച്ച് 2024 ജനുവരി 10ന് 1960 ലെ ഭൂപതിവ് നിയമം അനുസരിച്ച് കർഷകർക്ക് പട്ടയം നൽകണം. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രതലത്തിൽ സമ്മർദ്ദം ചെലുത്തണം. മൃഗങ്ങളെ വെടിവെക്കുന്നതിനുള്ള ഉത്തരവിടണം. ഫെൻസിംഗ്, ട്രെൻഞ്ചുകൾ എന്നിവ നിർമ്മിക്കണം. കൺവെൻഷൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, ടി.എം. സലിം, സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, സുരേഷ് ബാബു എന്നിവർ സംസാരിക്കും. ഡിസംബറിൽ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലളിലും സർക്കാരിന്റെ ജനവിരുദ്ധ ഭൂനിയമങ്ങൾക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന വിചാരണ സദസ്സുകൾ സംഘടിപ്പിക്കും. ജനുവരി 15 മുതൽ ജില്ലയിൽ വാഹന പ്രചരണ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. വാ‌ർത്താസമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ ചെയ‌ർമാൻ ജോയി വെട്ടിക്കുഴി,​ നിയോജകമണ്ഡലം കൺവീനർ എം.ജെ. ജേക്കബ്,​ തൊടുപുഴ മണ്ഡലം ചെയർമാൻ ടി.എസ്. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.