പീരുമേട്: കാട്ടാനയും കടുവയും കാട്ടുപോത്തുമുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ജനം പൊറുതിമുട്ടിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ജനരോഷമിരമ്പി. വന്യമൃഗ ശല്യത്തിനെതിരെ പീരുമേട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ജനപ്രതിനിധികളടക്കം ഒന്നാകെ വനംവകുപ്പിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചത്. അയ്യപ്പൻകോവിൽ പഞ്ചായത്തൊഴികെ എട്ടു പഞ്ചായത്തുകളിലും
വന്യമൃഗ ശല്യം കാരണം ജനങ്ങൾക്കിറങ്ങി നടക്കാൻ കഴിയുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറ‍ഞ്ഞു. ഇവയെ പേടിച്ച് പ്രദേശവാസികൾക്ക് ഒരു രീതിയിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരു തുണ്ട് കൃഷി ചെയ്യാൻ കഴിയുന്നില്ല,​ കന്നുകാലികളെ വളർത്താൻ കഴിയുന്നില്ല. മനുഷ്യ ജീവനേക്കാൾ മൃഗങ്ങൾക്ക് വില നൽകുന്ന വനം- വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. വനംവകുപ്പ് വന്യമൃഗങ്ങളെ തുരത്താനെടുക്കന്ന കാലതാമസത്തിനെതിരെ പഞ്ചായത്ത് പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തവരും ഒന്നടക്കം രോക്ഷാകുലരായി. പീരുമേട്ടിൽ ഒരു മാസമായി ജനവാസ മേഖലകളിൽ ഇറങ്ങി നടക്കുന്ന കാട്ടാനയെ തളക്കാൻ കഴിയാത്തതിൽ യോഗത്തിൽ പ്രതിഷേധമുയർന്നു. ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയോ പിടികൂടി തേക്കടി വനത്തിൽ വിടുകയോ ചെയ്യണമെന്ന് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ആവശ്യപ്പെട്ടു. വള്ളക്കടവ് മാട്ടുപ്പെട്ടിയിൽ 27 പശുക്കളെ പുലി പിടിച്ചു തിന്നു. ഇവിടെ കാലിവളർത്തൽ നാട്ടുകാർ ഉപേക്ഷിച്ചിരിക്കയാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ പരാതിപ്പെട്ടു. ആന ശല്യം തടയാൻ ട്രഞ്ച് നിർമ്മിക്കുകയോ, ഫെൻസിങ് സ്ഥാപിക്കുകയോ വേണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അവശ്യപ്പെട്ടു. അടിയന്തരമായി വന്യമൃഗ ശല്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി ഉയർന്നു. താലൂക്കിൽ തോട്ടങ്ങളിൽ വളർന്നു പന്തലിച്ചു കിടക്കുന്ന കുറ്റിക്കാടുകളിലാണ് കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ തമ്പടിക്കുന്നത്. ഈ കുറ്റിക്കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടാൻ നടപടി സ്വീകരിക്കും. വന്യമൃഗങ്ങളിൽ ആക്രമണമുണ്ടായി പരിക്കേറ്റവർക്ക് സവിശേഷ ദുരന്ത നിവാരണ അതോറിട്ടിയുടെ നഷ്ടപരിഹാരം നൽകും. പീരുമേട് ആർ.ആർ.ടി ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് എ.ഡി.എം ഷൈജു പി. ജേക്കബ് മറുപടി നൽകി. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു, ഏലപ്പാറ
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ടൈറ്റസ് കെ. ജോസഫ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ,​ പീരുമേട് എൽ.എ തഹസിൽദാർ എസ്.എഫ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ പി. സന്ദീപ്, അഴുത ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ജ്യോതിഷ് ജെ. ഒഴത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങി

മൂന്നാർ: തിരക്കേറിയ മൂന്നാർ ടൗണിൽ കാട്ടുപോത്തിറങ്ങിയത് വിനോദസഞ്ചാരികളെയടക്കം ആശങ്കയിലാക്കി. ഇന്നലെ വൈകിട്ട് 5.30ന് തിരക്കേറിയ ജി.എച്ച്. റോഡിലാണ് വലിയ കാട്ടുപോത്ത് ഇറങ്ങിയത്. ഇവിടെ നിന്ന് നടന്ന് നല്ലതണ്ണിയിലെത്തി. റോഡിൽ നിറയെ ആളുകണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ആരെയും ഉപദ്രവിച്ചില്ല. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ആർ.ആർ.ടി സംഘമെത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തി. ശനിയാഴ്ച രാത്രിതെന്മല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി സ്ത്രീക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷൻ സ്വദേശി മീനയ്ക്കാണ് പരിക്കേറ്റത്.