 
കട്ടപ്പന: ശമ്പള കുടിശികയെ തുടർന്ന് അയ്യപ്പൻകോവിൽ അയ്യരുപാറ നെടുംപറമ്പിൽ എസ്റ്റേറ്റിൽ തൊഴിലാളികൾ കുടിൽക്കെട്ടി താമസം ആരംഭിച്ചു. വിവിധ യൂണിയനുകളുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ ഭൂമി കൈവശപ്പെടുത്തിയത്. മൂന്ന് വർഷമായി ഇവർക്ക് ശമ്പളം മുടങ്ങിയിട്ട്. 315 തൊഴിലാളികൾക്ക് ശമ്പളകുടിശിക, ഗ്രാറ്റിവിറ്റി, ബോണസ് എന്നീയിനത്തിൽ 15 കോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. പലതവണ തോട്ടം ഉടമയെ സമീപിച്ചിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. ഇതോടെ കടുത്ത പട്ടിണിയിലാണ് ഈ കുടുംബങ്ങൾ. കൈവശപ്പെടുത്തിയ ഭൂമിയിൽ കൃഷിയിറക്കാനാണ് തൊഴിലാളികളുടെ തീരുമാനം. അടിയന്തരമായി വിഷയത്തിൽ മാനേജ്മെന്റ് ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.