മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി സീനിയർ കേഡറ്റുകൾ തൊടുപുഴ ജനമൈത്രി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. മഹേഷ് കുമാർ പൊലീസ് സ്റ്റേഷന്റെ പ്രവർത്തന രീതികളും ഉത്തരവാദിത്തങ്ങളും കേഡറ്റുകളോട് വിശദീകരിച്ചു. പി.ആർ.ഒ ആർ. അനിൽകുമാർ പൊലീസ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന തോക്കുകൾ, റ്റിയർ ഗ്യാസ് ഗൺ, ലാത്തി, ഷീൽഡ്, കൈവിലങ്ങുകൾ തുടങ്ങിയവയുടെ ഉപയോഗവും പ്രവർത്തനരീതിയും കുട്ടികളോട് പങ്കുവച്ചു. എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ വിഷ്ണു വേണുഗോപാൽ, എഫ്.ഐ.ആർ എടുക്കുന്ന രീതി, പ്രതികളെ കോടതിയിൽ ഹാജരാക്കുന്ന പ്രക്രിയ, പൊലീസ് ഉദ്യോഗസ്ഥരുടെ വ്യത്യസ്ത ഡ്യൂട്ടികൾ, ലോക്കപ്പിന്റെ ഉപയോഗം തുടങ്ങിയവ കേഡറ്റുകൾക്ക് വിശദീകരിച്ച് നൽകി. വയർലെസ് സംവിധാനങ്ങളും അവയുടെ പ്രവർത്തന രീതികളും കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജേക്കബ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജിയോ ചെറിയാൻ, ഷിജി ജോസഫ്, പരേഡ് കമാൻഡർ എസ്. സഞ്ജു എന്നിവർ നേതൃത്വം നൽകി.