അടിമാലി: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരികളായ 49 കുട്ടികൾക്കും രണ്ട് അദ്ധ്യാപകർക്കും ഭക്ഷ്യവിഷബാധയേറ്റു. അടൂർ കടമ്പനാട് നിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ വിക്ടറി കോളേജ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ശക്തമായ ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ മൂന്നാർ സന്ദർശനത്തിനായാണ് ട്യൂഷൻ സെന്ററിലെ 93 പത്താംക്ലാസ് വിദ്യാർത്ഥികളും അദ്ധ്യാപകരും രണ്ടു ബസുകളിലായി മൂന്നാറിൽ എത്തിയത്. ഞായറാഴ്ച ഉച്ചയ്ക്കും രാത്രിയും സംഘം ഭക്ഷണം കഴിച്ചത് അടിമാലിയിലെ സഫയർ ഹോട്ടലിൽ നിന്നുമാണെന്ന് ചികിത്സയിൽ കഴിയുന്നവർ പറഞ്ഞു. എന്നാൽ രാത്രി ഭക്ഷണം കഴിച്ചതിനുശേഷം കുട്ടികൾക്ക് തുടർച്ചയായ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. ഛർദ്ദിൽ,​ വയറിളക്കം,​ വയറുവേദന,​ പനി തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതൽ കുട്ടികളിൽ പ്രകടമായതോടെയാണ് അധികൃതർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്ങൾക്ക് മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നും രാത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് വിദ്യാർത്ഥികളും പറഞ്ഞു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം സഫയർ ഹോട്ടൽ അടപ്പിക്കുകയായിരുന്നു.