മൂലമറ്റം: ഇലപ്പള്ളി-അനൂർ പ്രദേശങ്ങളിൽ വ്യാപകമായ മോഷണം നടന്നിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ വാതിൽ പൊളിച്ച് അകത്ത് കടന്നും പുറത്ത് അയയിൽ വിരിച്ചിട്ടിരിക്കുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പാത്രങ്ങൾ എന്നിവ മോഷണം നടത്തുന്നു. നാട്ടുകാർ നിരവധി തവണ പരാതി കൊടുത്തെങ്കിലും കാഞ്ഞാർ പൊലീസ് കേസ് എടുത്തില്ലെന്നാണ് ആക്ഷേപം. 5,​000 രൂപയിൽ താഴെയുള്ള മോഷണങ്ങൾക്ക്‌ കേസ് എടുക്കേണ്ടന്നുള്ള സർക്കാർ തീരുമാനമാണ് കാരണം. കഴിഞ്ഞ ദിവസം അനൂർ സ്വദേശി കുളക്കാട്ട് ക്ലീറ്റസ് തന്റെ വീട്ടിലെ റബ്ബർ ഷീറ്റ് മോഷണം പോയത് സംബന്ധിച്ച് കാഞ്ഞാർ സ്റ്റേഷനിൽ പരാതി കൊടുത്തതിന്റെ പേരിൽ അയൽവാസി ഇയാളെ മർദ്ദിച്ചതായി പരാതിയുണ്ട്. ഞായറാഴ്ച മൂലമറ്റം സ്റ്റാൻഡിൽ ഡ്രൈവറായ ക്ലീറ്റസ് വണ്ടിയിൽ കിടന്നുറങ്ങുമ്പോൾ തല്ലി പരിക്കേൽപ്പിച്ചെന്നാണ് പരാതി. ആദിവാസിയായ ക്ലീറ്റസ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ലീറ്റസിന്റെ വീട് തല്ലിതകർത്തതായും പരാതിയുണ്ട്.