ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2025ന്റെ ഭാഗമായി ഇടുക്കിയുടെ ചുമതലയുള്ള വോട്ടർ പട്ടിക നിരീക്ഷകൻ (റോൾ ഒബ്സർവർ)​ കെ. ബിജു ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ ചേമ്പറിൽ വിവിധ അംഗീകൃത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗവും ചേർന്നു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഒക്ടോബർ 28 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിരീക്ഷകൻ രാഷ്ട്രീയ കക്ഷികൾക്ക് വിശദീകരണം നൽകി. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടർ പട്ടികയുടെ കോപ്പികൾ എല്ലാ താലൂക്ക് ഇലക്ഷൻ വിഭാഗങ്ങളിലും, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും ഇലക്ഷൻ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ ഓൺലൈനായി നൽകാം. ആക്ഷേപങ്ങൾ പരിശോധിച്ചും അപാകതകൾ പരിഹരിച്ചതിനും ശേഷം അടുത്ത വർഷം ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.