തൊടുപുഴ: കുടുംബങ്ങൾക്കും സമൂഹത്തിനും സന്തോഷം പകരാൻ ജില്ലയിൽ കൂടുതൽ ഹാപ്പിനെസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കുടുംബശ്രീ മിഷൻ 'ഹാപ്പി കേരള' പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ആരംഭിച്ച ഹാപ്പിനെസ് കേന്ദ്രങ്ങളാണ് ജില്ലയിലും സജീവമാകുന്നത്. സന്തോഷത്തിന് ആധാരമായ ആരോഗ്യം, വരുമാനം, ലിംഗനീതി തുടങ്ങിയവ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോ വീടുകളിലെയും നിലവിലെ ജീവിതസാഹചര്യവും ശാരീരിക മാനസികാരോഗ്യവും സർവേയിലൂടെ പഠിക്കും. ഇതിലൂടെ സന്തോഷത്തിന്റെ അളവ് രേഖപ്പെടുത്തും. സന്തോഷം കുറവുള്ള കുടുംബങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഇതിനായി പ്രത്യേക സൂക്ഷ്മ പദ്ധതി തയ്യാറാക്കുമെന്നും അധികൃതർ പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനതല പ്രവർത്തക പരിശീലനം പൂർത്തിയായി. 10 പേരടങ്ങുന്ന സംഘമാണ് ജില്ലയിൽ നിന്ന് പങ്കെടുത്തത്. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ ജില്ലാതല പരിശീലനം നൽകും. ജില്ലാ പരിശീലനത്തിനുശേഷം വാർഡുകളിലായി 'ഇടങ്ങൾ' രൂപീകരിച്ചു പരിശീലനം നടക്കും. ജില്ലാതല പരിശീലന പരിപാടി ആരംഭിച്ചു.

ഇടങ്ങൾ രൂപീകരിക്കും
ഓരോ വാർഡിലെയും 20 മുതൽ 40 കുടുംബങ്ങൾ ഉൾക്കൊള്ളുന്ന 'ഇടങ്ങൾ' രൂപീകരിച്ച് സർവേയും മറ്റു പരിപാടികളും സംഘടിപ്പിക്കും. ഇടങ്ങളിലെ ഓരോ കുടുംബത്തിലും സന്തോഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കും. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. തൊഴിൽ, വരുമാനം, ശാരീരിക മാനസിക ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരാണ് സന്തോഷത്തെ അളക്കാനുള്ള പഠനസാമഗ്രി തയ്യാറാക്കുന്നത്. യു.എൻ വിമൻസ്, യു.എൻ ഫുഡ് പ്രോഗ്രാം എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരും പദ്ധതിയുടെ ഭാഗമാണ്. ആദ്യഘട്ടത്തിൽ മാതൃകാ സി.ഡി.എസുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പരിപാടി നടപ്പാക്കുക.

പ്രശ്ന പരിഹാരം
വ്യക്തിയോ കുടുംബമോ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് നയിക്കുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ ഓരോ വ്യക്തിക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സാമൂഹിക സാഹചര്യമനുസരിച്ച് സന്തോഷ സൂചിക തയാറാക്കി വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തും. കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി എഫ്.എൻ.എച്ച്.ഡബ്ല്യൂവുമായി (ഫുഡ് ന്യൂട്രീഷൻ ഹെൽത്ത് ആൻഡ് വാഷ്) ചേർന്നാണ് 'ഹാപ്പി കേരളം' പദ്ധതി നടപ്പിലാക്കുന്നത്.