കാഞ്ഞാർ: പ്രവർത്തന രഹിതമായി കിടന്ന കാഞ്ഞാർ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ പ്രവർത്തനക്ഷമമാക്കി. മൂന്ന് വർഷമായി പ്രകാശിക്കാതെ നോക്കുകുത്തി പോലെ നിന്ന ഹൈമാസ്റ്റ് ലൈറ്റാണ് ടൗണിൽ വീണ്ടും പ്രകാശം ചൊരിഞ്ഞ് മിഴി തുറന്നത്. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ പ്രദേശവാസികൾ മുട്ടാത്ത വാതിലുകൾ ഇല്ല. ഇത് സംബന്ധിച്ച് നിരന്തരം പത്ര വാർത്തകളും വന്നിരുന്നു. എന്നിട്ടും പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നു.

=പൊതുപ്രവർത്തകനായമണിയൻകാലായിൽ എം.എ. റഹീമാണ് ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

മനുഷ്യാവകാശ കമ്മിഷന്റെ ഓഫീസിൽ നിന്ന് കുടയത്തൂർ പഞ്ചായത്തിന് നോട്ടീസ് ലഭിച്ചതോടെയാണ് അധികൃതർക്ക് അനക്കമുണ്ടായത്. താമസിയാതെ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചു. കഴിഞ്ഞ ദിവസം മുതൽ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിച്ചു തുടങ്ങി. രണ്ട് ആരാധനാലയങ്ങളും മൂന്ന് ബാങ്കുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ടൗണിലെ ഹൈമാസ്റ്റ് ലൈറ്റാണ് ദീർഘകാലം പ്രവർത്തിക്കാതിരുന്നത്. വ്യാപാര സ്ഥാപനങ്ങൾ രാത്രി അടയ്ക്കുന്നതോടെ ടൗൺ ഇരുട്ടിലാകുമായിരുന്നു. എം.എ. റഹീമിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ അടിയന്തര ഇടപെടൽ നടത്തിയതോടെ കാഞ്ഞാർ ടൗണിൽ രാത്രി സമയത്ത് വെളിച്ചമെത്തി.