കുടയത്തൂർ: ബാങ്ക് ജംഗ്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപം വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മാലിന്യക്കൂമ്പാരം കാരണം ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. രാത്രിയുടെ മറവിലാണ് ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപമുള്ള എം.വി.ഐ.പി വക സ്ഥലത്ത് മാലിന്യം തള്ളുന്നത്. പ്രദേശം മാലിന്യത്താൽ നിറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മഴ പെയ്യുന്ന സമയത്ത് മാലിന്യം ഒലിച്ച് മലങ്കര ജലാശയത്തിലെത്തും. ഓട്ടോറിക്ഷാ സ്റ്റാൻഡിന് സമീപമുള്ള മാലിന്യം നീക്കം ചെയ്യണമെന്നും മാലിന്യം ഇടുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെട്ടു.