തൊടുപുഴ: സ്‌കൂൾ- കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിപണി ലക്ഷ്യമിട്ട് ലഹരി മാഫിയ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിൽ വ്യാപകമാകുകയാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 40 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ ഇന്നലെ പൊലീസ് പിടിയിലായത്. .തൊടുപുഴ മേഖലയിൽ നിന്ന് അടുത്തൊന്നും ഇത്രയധികം ലഹരി വസ്തുക്കൾ പിടികൂടിയിട്ടില്ല. തൊടുപുഴ പെരുമ്പിള്ളിച്ചിറ കൊച്ചുപറമ്പിൽ നൗഫൽ (25), പത്താഴപ്പാറ ചൂരവേലിൽ റിൻഷാദ് (29) എന്നിവരെയാണ് തൊടുപുഴ എസ്.ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെരുമ്പിള്ളിച്ചിറ കനാൽ ഭാഗത്ത് താമസിക്കുന്ന അനൂപ് (അപ്പു) ഓടി രക്ഷപെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പെരുമ്പിള്ളിച്ചിറ മേഖലയിൽ നിന്നാണ് ഇന്നലെ രാവിലെ ആറിന് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. വിദ്യാർത്ഥികൾക്കിടയിലും മറ്റും വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.

പോക്കറ്റ്മണിക്കായി...

വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയ്ക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. പിടിയിലാകുന്നതിലേറെയും 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നതും പതിവാണ്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പമാണ്. ടൂറിസം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഡി.ജെ പാർട്ടികൾക്കായും ലഹരിമരുന്നുകൾ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മൂലമറ്റം പുള്ളിക്കാനത്ത് നിന്ന് സിനിമാ നടനടക്കം രണ്ട് പേരെ എം.ഡി.എം.എയും കഞ്ചാവുമായി പിടിയിലായിരുന്നു.

നിയമത്തിൽ നിന്ന് പഴുതും

ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. വളരെ അപൂർവമായാണ് കൂടുതൽ അളവുമായി ലഹരിസംഘം പൊലീസിന്റെയും എക്സൈസിന്റെയും പിടിയിലാകുന്നത്.

എം.ഡി.എം.എ എന്ന കാളകൂട വിഷം

കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. മറ്റ് ലഹരികളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം.