തൊടുപുഴ: റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് സംയുക്ത സമരസമിതി സംസ്ഥാന ജനറൽ കൺവീനറും മുൻ എം.എൽ.എയുമായ അഡ്വ. ജോണി നെല്ലൂർ. സർക്കാർ ക്രൂരമായ അവണനയും വഞ്ചനയും ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത നിസംഗതയും കണക്കിലെടുത്ത് ജനുവരി ആറുമുതലാകും അനിശ്ചിതകാല സമരമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് കൂടിയായ ജോണി നെല്ലൂർ പറഞ്ഞു. കടകൾ അടച്ചിട്ട് വ്യപാരികൾ തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 95 ലക്ഷത്തിലധികം റേഷൻ കാർഡുടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്ന വ്യാപാരികളെയാണ് സർക്കാർ അവഗണിക്കുന്നത്. റേഷൻ വ്യാപാരികളുടെയും സഹായികളുടെയും കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. ഭക്ഷ്യവകുപ്പ് കൃത്യമായ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിന് കത്ത് നൽകിയിട്ടും കടുത്ത ശത്രുത മനോഭാവമാണ് സ്വീകരിക്കുന്നത്. 2018 ൽ അനുവദിച്ച വേതന പാക്കേജ് തികച്ചും അപര്യാപ്തമാണ്. ആറുമാസത്തിനകം പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും ആറു വർഷം കഴിഞ്ഞിട്ടും വിഷയം ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.