fish
കുമളി ഒന്നാം മൈലിലെ മീൻ വിൽപ്പശാലയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മീനിന്റെ വായ് തുറന്ന് പരിശോധിക്കുന്നു

കുമളി: കുമളി പഞ്ചായത്തിന്റെ സ്‌ളോട്ടർ ഹൗസും മീൻ ചന്തയും തുറക്കാത്തതിന്റെ അനന്തരഫലകമെന്നോണം ഗുണനിലവാരമില്ലാത്ത ഇറച്ചി , മീൻ വ്യാപാരം കുമളിയിലും സമീപപ്രദേശ ങ്ങളിലും വ്യാപകമായി. പരാതികൾ കൂടിയ തിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ കുമളിയിലെ മീൻകടകളിൽ പരിശോധന നടത്തി. പഴകിയതും കെമിക്കൽ ചേർത്തതുമായ മീനുകൾ വ്യാപാര ശാലകളിൽ എത്തുന്നതായാണ് സൂചന .കഴിഞ്ഞ ദിവസം കുമളി ഒന്നാം മൈലിലെ ഒരു മീൻ കടയിൽ നിന്ന് അട്ടപ്പള്ളം സ്വദേശിക്ക് ലഭിച്ചത് അഴുകിയ അയലയാണ്. പത്ത് അയല വാങ്ങി വീട്ടിലെത്തി നോക്കിയപ്പോൾ പത്തിൽ എട്ട് അയലയും അഴുകാൻ തുടങ്ങിയത്. ആരോഗ്യ വകുപ്പധികൃതർ പരാതി ലഭിച്ച് കടയിൽ പരിശോധന നടത്തിയതിന്റെ അനന്തര നടപടി വ്യക്തമല്ല. പിഴ ഈടാക്കി പ്രശ്നം ശമിപ്പിക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇവിടെ മാലിന്യ നിർമാർജന സംവിധാനം ഇല്ലെന്നും ദുർഗന്ധം അസഹനീയമാണെന്നും സമീപത്തുള്ള വ്യാപാരികൾ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. കുമളിയിലെ മിക്ക ഇറച്ചി മീൻ വ്യാപാര സ്ഥാപനങ്ങളിലും മാലിന്യ നിർമാർജന സംവിധാനമില്ല. മലിനജലം ഒഴുക്കുന്നത് ഓടയിലോ തോട്ടിലേക്കോ ആണ്. അട്ടപ്പള്ളത്ത് ഇറച്ചി മത്സ്യ വ്യാപാരം നടത്തുന്നതിനായി മത്സ്യഫെഡിന്റെ സഹായത്തോടെ നിർമ്മിച്ച കെട്ടിടവും സ്റ്റാളുകളും ഇന്ന് പച്ചക്കറി ചന്തയായി മാറി. മുരിക്കടിയിലെ സ്‌ളോട്ടർ ഹൗസിന്റെ കാര്യവും മറിച്ചല്ല. ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുമളി പഞ്ചായത്തിലാണ് ഇതെല്ലാം നടക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും ജീവനും പന്താടിയുള്ള കളിയാണിവിടെ. സാംക്രമിക രോഗ ഭീഷണി മറ്റൊന്ന്.പഞ്ചായത്ത് അധികൃതർ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.