
കട്ടപ്പന: നഗരത്തിലെ പൊതുമാർക്കറ്റിലെ പച്ചക്കറിക്കടയിൽ മോഷണം. ഞായറാഴ്ച രാത്രി 12ഓടെ മോഷ്ടാക്കൾ കടയിൽ കയറി മേശവിരിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. സി.സി .ടി.വി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ വർഷങ്ങളായി പച്ചക്കറി വ്യാപാരം നടത്തുന്ന അനീഷിന്റെ കടയിലാണ് മോഷണം നടന്നത്. മുൻവശത്തെ പ്ലാസ്റ്റിക് പടുത നശിപ്പിച്ചശേഷമാണ് ഉള്ളിൽകടന്നത്. ഉടമയുടെ പരാതിയിൽ കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി. നാലംഗ സംഘമാണ് മോഷണത്തിനുപിന്നിലെന്ന് സംശയിക്കുന്നു. രണ്ടുപേരാണ് കടയുടെ ഉള്ളിൽകടന്ന് പണം കവർന്നത്. നാലുപേർ മാർക്കറ്റിനുള്ളിലൂടെ ചുറ്റിത്തിരിയുന്നതും ദൃശ്യങ്ങളിലുണ്ട്. മുമ്പും മാർക്കറ്റിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം നഗരത്തിൽ മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. സി.സി .ടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.