നെടുങ്കണ്ടം: ടൗണിൽ വച്ച് യുവതിയെ ആക്രമിച്ച് മാലപൊട്ടിച്ച് കടന്ന പ്രതി അറസ്റ്റിൽ. കല്ലാർ പുളിക്കൽ അഭിലാഷ് മൈക്കിൾ (43)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച നെടുങ്കണ്ടം കിഴക്കേ കവലയിൽ വച്ചാണ് സംഭവം. നടന്നു വരികയായിരുന്ന യുവതിയെ അഭിലാഷ് കാറിൽ പിന്തുടർന്നെത്തി ഇടിച്ചിടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ കുതറിമാറിയ യുവതി നിലത്ത് വീണു. ഈ സമയം കാറിൽ നിന്നും ഇറങ്ങിയെത്തിയ അഭിലാഷ്, യുവതിയുടെ തല പല തവണ നിലത്ത് ഇടിപ്പിക്കുകയും അടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവർ ധരിച്ചിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയുമായിരുന്നു. യുവതി നെടുങ്കണ്ടം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.ഐ. ലിജോ പി മാണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ ചൊവ്വാഴ്ച നെടുങ്കണ്ടത്തു നിന്നും അറസ്റ്റ് ചെയ്തു.