
തൊടുപുഴ: മെഡിക്കൽ വിദ്യാർത്ഥിയെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴയിലെ സ്വകാര്യമെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി കോഴിക്കോട് പേരാമ്പ്ര ഒറ്റക്കണ്ടത്തിൻമേൽ വീട്ടിൽ വിശാഖ് കൃഷ്ണ (23)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് വിശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിശാഖും മാതാവും കോളേജിനടുത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്നു. അച്ഛൻ സുരേഷ് ബാബു ദുബായിൽ ജോലിചെയ്യുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അമ്മ അവിടേക്ക് പോയത്. ഞായറാഴ്ച മുതൽ വിശാഖ് ഫോൺ വിളിക്കാത്തതിനെക്കുറിച്ച് ഇവർക്ക് വാടക വീടിന്റെ ഉടമയെ വിവരമറിയിച്ചു. വീട്ടുടമയും വിദേശത്താണ്. അദ്ദേഹം നാട്ടിലുള്ള അദ്ദേഹത്തിന്റെ പിതാവിനെയും വിവരമറിയിച്ചതിനെതുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ വിശാഖിനെ കണ്ടത്. ഉടൻ തന്നെ തൊടുപുഴ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കി മാറ്റുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോളേജിൽ പൊതുദർശനത്തിന് ശേഷം കോഴിക്കോട്ടേക്കുള്ള വസതിയിലേക്ക് കൊണ്ടുപോയി.. മാതാവ്: വിജി.