തൊടുപുഴ: ജില്ലയിലെ കർഷക വിഷയങ്ങളിലുള്ള സർക്കാരിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് 25 മുതൽ ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റിയും കിസ്സാൻ വിംഗും സംയുക്തമായി ജില്ലയിൽ മണ്ണവകാശ പദയാത്ര നടത്തുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. 25ന്രാഷ്ട്രീയ കിസ്സാൻ മഹാസംഘം, സേവ് വെസ്റ്റേൺ ഘട്ട്സ് പീപ്പിൾസ് ഫൗണ്ടേഷൻ, അതിജീവന പോരാട്ടവേദി, കിസ്സാൻ സംഘർഷ സമിതി, വിഫാം, കിഫ്, ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് തുടങ്ങിയ നിരവധി കർഷക സംഘടനാ നേതാക്കൾ സംസാരിക്കും. ആറു ദിവസം ഇടുക്കിയുടെ മലയോരത്തു കൂടി സഞ്ചരിച്ചു പദയാത്ര 30ന് ഇടുക്കി കഞ്ഞിക്കുഴിയിൽ സമാപിക്കും. സമാപന സമ്മേളനം ആം അദ്മി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുഴുവൻ സംസ്ഥാന നേതാക്കളും വിവിധ ദിവസങ്ങളിൽ ജില്ലയിലെത്തി വിഷയങ്ങൾ പഠിച്ചു നയം രൂപീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആം ആദ്മി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ, പാർട്ടി കിസ്സാൻ വിംഗ് സംസ്ഥാന കോർഡിനേറ്റർ മാത്യു ജോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ജില്ലാ സെക്രട്ടറി എം.എ. മാത്യു, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റോയി പ്ലാന്തോട്ടത്തിൽ എന്നിവർ പങ്കെടുത്തു.