തൊടുപുഴ: പഴം, പച്ചക്കറി മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന കേരള വെജിറ്റബിൾ ആന്റ് ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) പ്രവർത്തനം താളംതെറ്റി. വിവിധ പദ്ധതികളുടെ നടത്തിപ്പിനും സബ്സീഡിക്കുമുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. 2023- 24 സാമ്പത്തിക വർഷത്തേത് ഉൾപ്പെടെ ആഞ്ച് കോടിയോളം രൂപ ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ടെന്ന് വി.എഫ്.പി.സി.കെ. കൺസോർഷ്യം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് യൂറോപ്യൻ യൂണിയൻ നൽകിയ 100 കോടി രൂപ പ്രവർത്തന മൂലധനമാക്കിയാണ് വി.എഫ്.പി.സി.കെ.പ്രവർത്തനം തുടങ്ങിയത്. ഇതിൽ 20 കോടി രൂപ സർക്കാർ വകമാറ്റി കേരള അഗ്രി ബിസിനസ് കമ്പനിയ്ക്ക് നൽകി. കേരളം പഴംപച്ചക്കറി ഉദ്പാദനത്തിൽ സ്വയംപര്യാപ്തയിൽ എത്തുന്ന എന്ന ലക്ഷ്യത്തോടെയാണ് വി.എഫ്.പി.സി.കെ.പ്രവർത്തിച്ചു വന്നിരുന്നത്. 50 ശതമാനം വരെ സബ്സീഡിയുള്ള പദ്ധതികളുടെ പിൻബലത്തിൽ ആയിരക്കണക്കിന് കർഷകരാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തു വന്നിരുന്നത്. വി.എഫ്.പി.സി.കെ.യുടെ വിപണികളിലൂടെ ഇടനിലക്കാരില്ലാതെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ മികച്ച വിലയ്ക്ക് വിൽക്കാനും സാധിച്ചിരുന്നു. എന്നാൽ 2023 മുതൽ സർക്കാർ ഫണ്ടുകൾ അനുവദിക്കാത്തതിനാൽ വി.എഫ്.പി.സി.കെ.യുടെ പ്രവർത്തനം താളംതെറ്റി. മൂന്ന് വർഷം മുമ്പ് സർവീസിൽ നിന്നും വിരമിച്ചയാളാണ് ഇപ്പോഴും വി.എഫ്.പി.സി.കെ.യുടെ സി.ഇ.ഒ.ആയി പ്രവർത്തിക്കുന്നത്. ഇയാൾക്ക് കർഷകരോട് യാതൊരു പ്രതിബദ്ധതയുമില്ല. വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതും നിലവിലുള്ളവർക്ക് കൃത്യമായി ശമ്പളം നൽകാത്തതും ഈ സ്ഥാപനത്തെ ഉൻമൂലനം ചെയ്യുന്നതിന്റെ ഭാഗമാണെന്നും കൺസോർഷ്യം ഭാരവാഹികൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കൺസോർഷ്യം ജില്ലാ പ്രസിഡന്റ് ടോമി തെങ്ങുംപള്ളിൽ, ഭാരവാഹികളായ ഹരി തറയത്ത്, ചാക്കോ ജോസഫ്, സണ്ണി തോമസ്, സിബി ജോസഫ് എന്നിവർ പങ്കെടുത്തു.
26ന് ജില്ലാ ഓഫീസ്
ഉപരോധിക്കും
കുടിശിക വരുത്തിയ തുക കർഷകർക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വി.എഫ്.പി.സി.കെ കർഷകരുടെ കൂട്ടായ്മയായ വി.എഫ്.പി.സി.കെ കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ 26ന് കർഷക സമിതി ഭാരവാഹികൾ അടിമാലിയിലെ ജില്ലാ ഓഫീസ് ഉപരോധിക്കും. രണ്ടാം ഘട്ടമായി ഡിസംബർ 10ന് കാക്കനാട്ടുള്ള വി.എഫ്.പി.സി.കെ.ഹെഡ് ഓഫീസും ഉപരോധിക്കുമെന്ന് കൺസോർഷ്യം ഭാരവാഹികൾ അറിയിച്ചു.
ഒന്നരവർഷമായി
കൃത്യമായി ശമ്പളമില്ല
ഒന്നര വർഷമായി ശമ്പള വിതരണം താളം തെറ്റിയ അവസ്ഥയിലാണ്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം മാത്രമാണ് നൽകിയത്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി വിഹിതം അടച്ചിട്ട് വർഷങ്ങളായി. പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ജീവനക്കാർക്ക് 7.15 കോടി നൽകാനുണ്ട്. ജൈവ പച്ചക്കറി സ്റ്റാളുകൾ, വളം ഉത്പാദന യൂണിറ്റുകൾ, പച്ചക്കറിത്തൈ ഉത്പാദിപ്പിക്കുന്ന മൈക്രോ യൂണിറ്റുകൾ എന്നിവ തുടങ്ങി വരുമാനം കണ്ടെത്താമെന്നിരിക്കെ മൂന്ന് വർഷത്തോളമായി ഇത്തരം പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പകരം ചിലരുടെ സാമ്പത്തികതാത്പര്യം മുൻനിറുത്തി നിർമാണപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നുന്നത് എന്നാണ് ആക്ഷേപം.