hassan

ചെറുതോണി: മുഖ്യമന്ത്രിയെയും വന്യമൃഗങ്ങളെയും ഒരുപോലെ ഭയപ്പെടേണ്ട അവസ്ഥയിലാണ് ഇടുക്കിയിലെ കർഷകജനതയെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറ‍ഞ്ഞു. അധികാരത്തിലിരുന്ന എട്ട് വർഷം കൊണ്ട് ജില്ലയിലെ ഭൂവിഷയങ്ങൾ സങ്കീർണ്ണമാക്കുന്ന നടപടികളാണ് സർക്കാർ നടത്തിയത്. എന്തിനും ഏതിനും കോടതിയെ കുറ്റം പറയുമ്പോൾ കർഷകർക്കെതിരായ ഉത്തരവുകൾ കോടതികളിൽ നിന്ന് തുടർച്ചയായി ഉണ്ടായപ്പോൾ ഖജനാവിലെ ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ നിയോഗിച്ച അഭിഭാഷകർ എന്തു ചെയ്യുകയായിരുന്നെന്ന് ജനങ്ങളോട് വ്യക്തമാക്കണം. 64 റൂൾ പ്രകാരമുള്ള പട്ടയ നടപടികൾ കോടതി തടഞ്ഞതും സി.എച്ച്.ആറിന്റെ പേര് പറഞ്ഞ് ലക്ഷക്കണക്കിന് ഏക്കർ ഭൂമിയുടെ പട്ടയ നടപടികൾ നിറുത്തിവയ്ക്കുന്നതിന് കോടതി ഉത്തരവിട്ടതും സർക്കാരിന്റെ തികഞ്ഞ അലംഭാവം മൂലമാണെന്ന് പകൽപോലെ വ്യക്തമായി കഴിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവത്കരിക്കാൻ നിയമനിർമാണം നടത്തിയത് ഗവർണർ ഒപ്പിട്ടിട്ടും ചട്ടമുണ്ടാക്കാൻ കഴിയാത്തതുകൊണ്ട് ഭൂവിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ചട്ടത്തിന്റെ പേരിൽ എങ്ങനെ പണം സമ്പാദിക്കാമെന്ന് ഇപ്പോഴും സർക്കാർ ഗവേഷണം നടത്തുകയാണ്. കൃഷിയിടങ്ങൾ നശിപ്പിക്കുകയും കർഷകരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഭൂവിഷയങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകൾ പാഴ്‌വാക്കായി മാറിയെന്നും കൺവീനർ പറഞ്ഞു. ചെറുതോണി ഗ്രീൻലാൻഡ് തീയേറ്ററിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.ജെ. ജേക്കബ്, അഡ്വ. എസ്. അശോകൻ, കെ.എം.എ ഷുക്കൂർ, ഇ.എം. ആഗസ്തി, ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, സെബാസ്റ്റ്യൻ എസ് വിളക്കുന്നേൽ, കെ എ കുര്യൻ, രാജു മുണ്ടക്കാട്ട്, സാബു മുതിരംകാല, എ.പി. ഉസ്മാൻ, എം.എൻ. ഗോപി, തോമസ് രാജൻ, എം.കെ. പുരുഷോത്തമൻ, തോമസ് ജെ. പെരുമന എന്നിവർ പ്രസംഗിച്ചു.