anil

കട്ടപ്പന: കട്ടപ്പനയിലെ സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ ബാങ്കിലെ മുൻ ഗോൾഡ് അപ്രൈസർ കൊല്ലംപറമ്പിൽ അനിലിനെ കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 19ന് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പത്ത് വർഷത്തിനിടെ ഒരു കോടി 70 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഇയാൾ സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത ആർജിച്ച 23 ആളുകളുടെ പേരിലാണ് മുക്കുപണ്ടം പണയപ്പെടുത്തിയത്. 2013 മുതൽ നടന്ന തട്ടിപ്പ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്ക് അധികൃതർ കണ്ടെത്തിയത്. ഇതേതുടർന്ന് ഒളിവിലായിരുന്ന പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് ലഭിക്കാതെ വന്നതോടെ കീഴടങ്ങുകയായിരുന്നു. മണി ചെയിൻ തട്ടിപ്പിൽ ഉൾപ്പെടെ അകപ്പെട്ട് ബാധ്യതയുള്ളതായി ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ഇയാൾക്ക് കാര്യമായ സ്വത്തുക്കൾ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം.