കട്ടപ്പന : നഗരസഭാപരിധിയിലെ കടമാക്കുഴി കോക്കാട്ടുമലയിൽ കൂടിക്കിടന്ന മാലിന്യം ആരോഗ്യവിഭാഗം നീക്കി.കോക്കാട്ടുമല മേഖലയിൽ വൻതോതിൽ മാലിന്യം കുന്നുകൂടിയിരുന്നു. തോട്ടം തൊഴിലാളികളാണ് ഇവിടുത്തെ താമസക്കാരിൽ ഏറെയും. പുറത്തുനിന്നുള്ളവരും ഇവിടെ മാലിന്യം തള്ളുന്നതായി ആക്ഷേപമുണ്ട്. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മാലിന്യം നിക്കിയത്. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മാലിന്യം ലോറിയിലാക്കി മാറ്റുകയായിരുന്നു. മേഖലയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക് അറിയിച്ചു.