pic

കുമളി: ശബരിമല തീർത്ഥാടന കാലത്ത് കുമളിയിൽ വ്യാപാരികൾ പാലിക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് പൊലീസ് സീസൺ വ്യാപാരികളുടെ യോഗം വിളിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുമളി എസ്.എച്ച്.ഒ സുജിത്ത് പി.എസ് നടപ്പിലാക്കുന്ന തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സീസൺ വ്യാപാരത്തിനായി തുറന്നിട്ടുള്ള കടകളുടെ മുൻപിൽ റോഡിൽ ഇറങ്ങി നിന്ന് ആളുകളെ വിളിച്ചു കയറ്റുന്നതും വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും കർശനമായി നിരോധിച്ചു.കാൽനടയാത്രക്കാർക്കുള്ള പാതയിൽ വ്യാപാരം നടത്താൻ പാടില്ല. ചിപ്സ് കടകളിൽ കായ വറക്കുന്ന എണ്ണ ചട്ടി അപകട രഹിതമായ രീതിയിൽ ഗ്ലാസ് മറ നിർമ്മിച്ച് സുരക്ഷിതമാക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡും വ്യാപാരി വ്യവസായി ഏകോപന സമിതി നൽകുന്ന തിരിച്ചറിയൽ കാർഡും നിർബന്ധമാണ്. പഴകിയ എണ്ണ ഉപയോഗിക്കാൻ പാടില്ല. കടയിലും പരിസരത്തും ശുചിത്യം ഉറപ്പാക്കേണ്ടത് കട ഉടമയുടെ ഉത്തരവാദിത്യമാണ്. എല്ലാ കടകളിലും മാലിന്യം നിക്ഷേപിക്കാൻ കൂടകൾ സ്ഥാപിക്കണം. കടകൾക്ക് മുന്നിൽ റോഡിലേക്ക് കയറ്റി വാഹന പാർക്കിങ് പാടില്ല. ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽകുമാർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.