ഇടുക്കി : മുണ്ടക്കൈയിലും ചൂരൽമലയിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായവരെ വഞ്ചിച്ചത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.
കേന്ദ്രസർക്കാർ നിലപാടിനെതിരെ സി.പി.ഐ തൊടുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിമണ്ണൂർ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സലിംകുമാർ.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. പണത്തിന്റെ അഭാവം പുനരധിവാസത്തെ ഒരിക്കലും ബാധിക്കില്ലെന്ന് ദുരന്തബാധിതർക്ക് മോദി തന്നെ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ കൊടും ചതി എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ലെന്നും സലിംകുമാർ പറഞ്ഞു.
വയനാട് ദുരന്ത ബധിതരെ വഞ്ചിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരെ ജില്ലയിലെ 10 കേന്ദ്രങ്ങളിലായിരുന്നു സിപിഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും. കട്ടപ്പനയിൽ കെ .കെ ശിവരാമനും
മൂന്നാറിൽ പി പളനിവേലും ശാന്തൻപാറയിൽ പി മുത്തുപ്പാണ്ടിയും ഉടുമ്പഞ്ചോലയിൽ വി .കെ ധനപാലും ഇടുക്കിയിൽ എം. കെ പ്രിയനും ഉദ്ഘാടനം ചെയ്തു. പീരുമേട്ടിൽ ജോസ് ഫിലിപ്പ്, ഏലപ്പാറയിൽ ഇ എസ് ബിജിമോൾ, മൂലമറ്റത്ത് പ്രിൻസ് മാത്യു, അടിമാലിയിൽ ജയ മധു എന്നിവരും ഉദ്ഘാടനംചെയ്തു.