തൊടുപുഴ: കാഴ്ചപരിമിതി നേരിടുന്നവരെ ബ്രെയിൽ ലിപി പഠിപ്പിക്കാൻ പദ്ധതി ആരംഭിക്കുന്നു. ജില്ലയിലെ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് അദ്ധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പഠനക്ലാസുകൾ ഉടൻ തുടങ്ങും. നാല് മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങൾ. പഠിതാക്കൾക്കുള്ള പഠന സാമഗ്രികൾ സംസ്ഥാന സാക്ഷരതാ മിഷൻ നൽകും. ബ്രെയിൽ സാക്ഷരതാ ക്ലാസിൽ പങ്കെടുക്കുന്ന പഠിതാക്കൾക്കുള്ള ഭക്ഷണച്ചെലവ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകും.
സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ 160 മണിക്കൂർ ക്ലാസ് നൽകും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ബ്രെയിൽ ലിപിയിലേക്ക് തർജ്ജമ ചെയ്ത സാക്ഷരതാ പാഠ പുസ്തകമാണ് ബ്രെയിൽ സാക്ഷരതാ പദ്ധതിക്കായി ഉപയോഗിക്കുന്നത്.

15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിലാണ് ക്ലാസുകൾ സജ്ജമാക്കുന്നത്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളുടെയും തൊടുപുഴ നഗരസഭാ പരിധിയിലെയും പഠിതാക്കൾക്ക് ഒരു ക്ലാസ് സജ്ജമാക്കും. 31 പേരാണ് പഠിതാക്കൾ ആയിട്ടുള്ളത്. പഠിതാക്കളെ കണ്ടെത്താനായി നേരത്തെ നടത്തിയ സർവ്വേയിൽ 288 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. സർവ്വേയിൽ ഉൾപ്പെട്ടവരിൽ ബ്രെയിൽ ലിപിയിൽ സാക്ഷരതാ പഠനം ആഗ്രഹിക്കുന്ന ജില്ലയുടെ മറ്റു ബ്ലോക്കുകളിലെ പഠിതാക്കൾക്കും ഉടൻ ക്ലാസ്സുകൾ തുടങ്ങും. സർവ്വേയിൽ ഉൾപ്പെടാതെ പോയ ബ്രെയിൽ ലിപിയിൽ സാക്ഷരതാ പഠനം ആഗ്രഹിക്കുന്നവർ ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0486223 2294. ഇ- മെയിൽ- idk.literacy@gmail.com.

പദ്ധതി ഉദ്ഘാടനം ശനിയാഴ്ച
കാഴ്ചപരിമിതി നേരിടുന്നവർക്കായി ജില്ലയിൽ നടപ്പിലാക്കുന്ന ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. കുടയത്തൂർ എൽ.ബി.എം.എം സ്‌കൂളിൽ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം നിർവ്വഹിക്കും. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എൻ. ഷിയാസ് അദ്ധ്യക്ഷനാകും. സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന പദ്ധതി വിശദീകരിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം മുഖ്യതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജില്ലാപഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, സെക്രട്ടറി പി.കെ. സജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്. വിനോദ്, കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് ജയിംസ് ജോർജ്ജ്, എൽ.ബി.എം.എം സ്‌കൂൾ ഹെഡ്മാമാസ്റ്റർ വി.പി. ശശികുമാർ എന്നിവർ സംസാരിക്കും. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി.എം. അബ്ദുൾകരീം സ്വാഗതവും അസി. കോർഡിനേറ്റർ ജമിനി ജോസഫ് നന്ദി പറയും.