ഇടുക്കി: ജില്ലയിലെ കായികവികസനത്തിന് ഉണർവേകാൻ ആറ് ഡേബോർഡിംഗ് സെന്ററുകൾ ഡിസംബർ 1 ന് പ്രവർത്തനം ആരംഭിക്കുന്നു. സംസ്ഥാന സ്‌പോർട്സ് കൗൺസിലാണ് പദ്ധതിക്ക് പിന്നിൽ. ഹൈറേഞ്ച് സ്‌പോർട്സ് അക്കാഡമി പെരുവന്താനം, കാൽവരിമൗണ്ട് ഹൈസ്‌കൂൾ കാൽവരിമൗണ്ട്, എസ്.എൻ.വി.എച്ച്.എസ്.എൻ.ആർ.സിറ്റി, മൂന്നാർ എച്ച്.എ.റ്റി.സി മൂന്നാർ, മൂലമറ്റം ഗവ. ഹൈസ്‌കൂൾ, സെന്റ് ജോർജ് ഹൈസ്‌കൂൾ വാഴത്തോപ്പ് എന്നിവിടങ്ങളിലാണ് ഡേ ബോർഡിംഗ് സെന്റർ അനുവദിച്ചിട്ടുളളത്.

25 മുതൽ 30 വരെ കുട്ടികളെ തിരഞ്ഞടുത്തുകൊണ്ട് ഡിസംബർ 1 മുതൽ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കും. നിലവിൽ അതത് സ്‌കൂളുകളിലെ കായിക അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും പിന്നീട് സ്‌പോർട്സ് കൗൺസിൽ മുഖേന പരിശീലകരെ നിയോഗിക്കുന്നതുമാണ്. ഡേ ബോർഡിംഗ് സ്‌കീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും പാൽ,മുട്ട, പഴം തുടങ്ങി പ്രതിദിനം 40 രൂപയുടെ പോഷകാഹാരം നൽകുന്നതാണെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു.