slab
കട്ടപ്പന സ്‌കൂൾ കവല ബൈപ്പാസ് റോഡിനു വശത്തെ നടപ്പുവഴിയിലെ സ്ലാബ് തകർന്നപ്പോൾ.

കട്ടപ്പന: സ്‌കൂൾ കവല ബൈപ്പാസ് റോഡിൽ സെന്റ് ജോർജ് സ്‌കൂളിന് സമീപം നടപ്പു വഴിയിലെ സ്ലാബ് തകർന്ന് അപകട ഭീഷണി യായി. വിദ്യാർഥികൾ അടക്കം നിരവധി ആളുകളാണ് ഇതുവഴി ദിനംപ്രതി കാൽനട യാത്ര ചെയ്യുന്നത്. മേഖലയിൽ നാല് സ്‌കൂളുകളും രണ്ട് കോളേജും പ്രവർത്തിക്കുന്നുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ കാൽനടയായിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ സ്വകാര്യ ആശുപത്രിയിലേക്കുള്ള ആളുകളും ഇതുവഴി വേണം യാത്ര ചെയ്യാൻ. സ്ലാബ് തകർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.കൂടാതെ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇവിടെ വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാലപ്പഴക്കം ചെന്ന സ്ലാബുകളാണ് പലയിടങ്ങളിലും നിലകൊള്ളുന്നത്. മുൻപ് ഏതാനും സ്ലാബുകൾ അപകട ഭീഷണിയിലായതോടെ അവ നീക്കി പുതിയത് സ്ഥാപിച്ചിരുന്നു. എന്നാൽ മുഴുവൻ സ്ലാബുകളും നീക്കി പുതിയത് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. കാൽനട യാത്രക്കാർക്ക് പുറമേ വാഹന യാത്രക്കാർക്കും തകർന്നു കിടക്കുന്ന സ്ലാബ് അപകടഭീഷണി ഉയർത്തുകയാണ്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.