മുട്ടം: ടാക്സി സ്റ്റാൻഡിലെ നൂറുകണക്കിന് പേർക്ക് ഉപകാരപ്രദമായ തണൽ മരങ്ങൾ മുറിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. ഇവിടെയുള്ള തണൽ മരങ്ങൾ ടാക്സി ഡ്രൈവർമാർക്ക് വലിയ ആശ്വാസമാണ്. ടാറിംഗ് ചെയ്ത ടാക്സി സ്റ്റാൻഡിൽ വേനലിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. തണൽ മരങ്ങൾ മുറിക്കാൻ നീക്കം നടത്തുന്നതിന് പിന്നിൽ ചില സ്ഥാപിത താത്പര്യക്കാരാണെന്നാണ് ആക്ഷേപം ഉയരുന്നത്. പാല- ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിലൂടെ കയറിയാണ് പോകുന്നത്. നിരവധി യാത്രക്കാരാണ് തണൽ മരങ്ങളുടെ തണുപ്പിൽ ബസ് കാത്ത് നിൽക്കുന്നത്. തണൽ മരങ്ങൾ വെട്ടിമാറ്റിയാൽ പ്രദേശത്ത് കനത്ത ചൂടായിരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മുട്ടം പ്രദേശത്തെ ഏതാനും ആളുകളും പഴയകാല ഓട്ടോ- ടാക്സി ഡ്രൈവർമാരും ചേർന്നാണ് ഇവിടെ തണൽ മരങ്ങൾ വെച്ച് പിടിപ്പിച്ചത്. പിന്നീട് ഓട്ടോ- ടാക്സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ ചുറ്റ് വേലി സ്ഥാപിച്ചും വെള്ളം ഒഴിച്ച് നനച്ചും വളർത്തിയ മരങ്ങളാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റാൻ ശ്രമിക്കുന്നത്. ടാക്സി സ്റ്റാൻഡിനോട് ചേർന്നുള്ള പള്ളി വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് മരങ്ങളുടെ ശിഖരങ്ങൾ എത്തുന്നതിനാൽ അവ വെട്ടി മാറ്റണം എന്നാവശ്യപ്പെട്ട് പഞ്ചായത്തിന് പരാതി ലഭിച്ചിട്ടുണ്ട്.
കടയ്ക്കൽ കത്തിവയ്ക്കരുതെന്ന് കത്ത്
തണൽ മരങ്ങൾ മുറിച്ച് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് ടാക്സി ഡ്രൈവർമാരുടെയും പ്രതീക്ഷ.
'വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ശിഖരങ്ങൾ മാത്രമാണ് വെട്ടി മാറ്റാൻ ആലോചിക്കുന്നത്. മരങ്ങൾ മുഴുവനായി വെട്ടിമാറ്റുന്നില്ല. ശിഖരങ്ങൾ വെട്ടി മാറ്റരുതെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാർ കത്ത് നൽകിയിട്ടുള്ള സാഹചര്യത്തിൽ അവരുടെ കൂടെ അഭിപ്രായം മാനിച്ച് മാത്രമേ തീരുമാനമെടുക്കൂ"
-മുട്ടം പഞ്ചായത്ത് സെക്രട്ടറി