അടിമാലി: ഗവ. ഹൈസ്‌കൂളിൽ നടന്ന ഉപജില്ലാ സ്‌കൂൾ കലോത്സവം റിപ്പോർട്ട് ചെയ്ത് മടങ്ങുകയായിരുന്ന ജയ്ഹിന്ദ് ചാനൽ റിപ്പോർട്ടർ അലൻ നിഥിൻ സ്റ്റീഫനെ ഒരു സംഘം കണ്ണിൽ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എസ്.എഫ്‌.ഐ പ്രവർത്തകനായിരുന്ന അലൻ ഒന്നര വർഷം മുമ്പ് പാർട്ടി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇപ്പോൾ യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റാണ്. പാർട്ടി മാറിയതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. കലോത്സവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് അലനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന ആറ് പേർ ഉൾപ്പെടെ 14 ഡി.വൈ.എഫ്‌.ഐ- എസ്.എഫ്‌.ഐ പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പൊലീസിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന പ്രതികളെ പിടികൂടാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും ആരോപിച്ചും കോൺഗ്രസിന്റെ നേതൃത്വത്തിൽ അടിമാലി ടൗണിൽ പ്രധിഷേധപ്രകടനം നടത്തി.