ഇടുക്കി: ജില്ലയിലെ അതിരൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഫണ്ടുകളുടെ പ്രശ്നമാണ് വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കാരണമെന്ന് പറയാൻ കഴിയില്ല. എല്ലാ വർഷവും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ വനംവകുപ്പ് ആവശ്യപ്പെടുന്ന തുക ലഭിക്കാറുള്ളതാണ്. കഴിഞ്ഞ വർഷം അത് ലഭിച്ചിട്ടുമുണ്ട്. ഈ വർഷം 620 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതനുസരിച്ച് അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ആർ.കെ.വി.വൈ രാഷ്ട്രീയ കൃഷി വികാസ് യോജന വഴി ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കാം. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതികൾ കൃത്യ സമയത്ത് ആരംഭിക്കാൻ കഴിയാത്തത് വീഴ്ചയാണ്. ദേശീയപാത 85 വികസനത്തിന്റെ ഭാഗമായി 5 കോടി രൂപയാണ് വനംവകുപ്പ് വന്യജീവി- മനുഷ്യ സംഘർഷം ഒഴിവാക്കുന്നതിനുള്ള പദ്ധതികൾക്കായി ആവശ്യപ്പെട്ടത്. അത് നൽകുന്നതിന് തീരുമാനമായിട്ടുള്ളതാണ്. എം.പി ഫണ്ട് അനുവദിക്കുന്നതിൽ മുഖ്യപരിഗണന പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. പീരുമേട്, കുട്ടിക്കാനത്ത് സ്‌കൂൾ കുട്ടികളെ കാട്ടാന ഓടിച്ച മേഖലയിൽ 22.50 ലക്ഷം രൂപയുടെ പ്രൊപ്പോസൽ എം.പി ഫണ്ടിൽ നിന്ന് നൽകും. കെ.കെ. റോഡ് പി.ഡി.എസ് മുതൽ മുക്കാടൻസ് വരെ 4 കിലോ മീറ്റർ ഫെൻസിംഗ്,​ തൊട്ടാപ്പൂര- തെപ്പക്കുളം 3.5 കി.മീ ഫെൻസിംഗ് എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കോട്ടയം ഡി.എഫ്.ഒ നിർദേശിച്ച പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. മൂന്നാർ ഡി.എഫ്.ഒയുടെ പരിധിയിൽ വരുന്ന ശാന്തമ്പാറ, ചിന്നക്കനാൽ പഞ്ചായത്തിലെ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാവുമ്പോൾ ചെറുകിട കർഷകരും തൊഴിലാളികളുമാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. കർഷകരുടെ കൈവശമുള്ള കൃഷിയിടങ്ങളിൽ ഫെൻസിംഗ് നിർമ്മാണം അനുവദിക്കേണ്ടതാണ്. പട്ടയമുള്ള ഭൂമിയിൽ മാത്രമേ നൽകൂവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. വൻകിട കൈയേറ്റമൊഴിച്ച് ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ സർക്കാർ പണം മുടക്കി പദ്ധതി തയ്യാറാക്കേണ്ടതും നടപ്പിലാക്കേണ്ടതുമാണെന്നും എം.പി പറഞ്ഞു.