
കട്ടപ്പന : അണക്കര ഐ. എം.എസ് കോളനിയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് രാജാക്കണ്ടം കൂടാരക്കുന്നേൽ സുധീഷ് (29)ആണ് അറസ്റ്റിലായത്. സെപ്തംബർ പത്തിന് വെള്ളം കുടിക്കാൻ എന്ന വ്യാജ എത്തിയാണ് അണക്കര ഐ .എം. എസ് കോളനിയിൽ കൈനിക്കര ലില്ലിയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ അടക്കം പൂർത്തിയാക്കി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം കട്ടപ്പനയിൽ സമാനമായ രീതിയിൽ പ്രതി മാലമോഷണം നടത്തുകയും പൊലീസിന്റെ പിടിയിലാവുകയും ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയാണ് അണക്കരയിൽ നടന്ന മാല മോഷണ വിവരം പൊലീസിനോട് സമ്മതിച്ചത്. കട്ടപ്പനയിലെ മാലമോഷണ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അണക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷ്ടിച്ച മാല ആദ്യം പുറ്റടിയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയും പിന്നീട് അവിടുന്ന് എടുത്ത് വിൽപ്പന നടത്തുകയും ചെയ്തതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് . വണ്ടൻമേട് എസ്. ഐ ബിനോയ് എബ്രഹാം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ. ജയൻ, ബൈജു ആർ, അരുൺ പീതാംബരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.