തൊടുപുഴ: സ്വർഗം താഴെയിറങ്ങി വന്നപോലെ മേഘത്തെ കാണാനും ആസ്വദിക്കാനും അവസരം ഒരുക്കുന്ന ഒരു മനോഹര സ്ഥലമുണ്ട് ഇടുക്കിയിൽ. ഏറ്റവും വലിയ പ്രത്യേകത അത് ഹൈറേഞ്ചിലല്ല, ഇങ്ങ് ലോറേഞ്ചിലാണ് എന്നതാണ്. തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വ്യൂ പോയിന്റായ കോട്ടപ്പാറയാണ് ആ സ്ഥലം. തൊടുപുഴക്കാരുടെ മീശപ്പുലിമല എന്നും അറിയപ്പെടുന്ന ഇവിടം കാണാനായി നിരവധി ആളുകളും എത്തുന്നു. ഒരു ഒഴിവുദിനം മനോഹരമായി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ ഈ ഇടം ഒരിക്കലും നിരാശപ്പെടുത്തുകയുമില്ല. നിരവധി സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചചെയ്ത സ്ഥലമാണ് കോട്ടപ്പാറ. ആകാശത്തെ മേഘങ്ങൾ നൃത്തംവെയക്കുന്നപോലെയാണ് ഇവിടെ എത്തിയാൽ കാണാൻ കഴിയുന്നത് എന്നാണ് സഞ്ചാരികൾ പറയുന്നത്. ഞായറാഴ്ചത്തെ പ്രഭാതം മനോഹരമായി ആസ്വദിക്കാൻ ശനിയാഴ്ച രാത്രി തൊടുപുഴയിലെത്തണം. പിറ്റേന്നു സൂര്യനുദിക്കും മുൻപ് യാത്ര ആരംഭിക്കണം. തൊടുപുഴയിൽ നിന്നു മുക്കാൽ മണിക്കൂറിനുള്ളിൽ കോട്ടപ്പാറയിലെത്താം. ഉദ്ദേശം 20 കി.മീ. കോടിക്കുളം- വണ്ണപ്പുറം റൂട്ടില്‍ വണ്ണപ്പുറം കവലയില്‍ നിന്നു മുള്ളിരിങ്ങാട് റോഡിലേക്ക് തിരിയുക.അവിടെനിന്നും മലമ്പാതകളും ഹെയർപിൻ വളവുകളും താണ്ടി മനോഹരമായ ഒരു യാത്ര. പുലർകാലത്തിന്റെ ചെറിയ തണുപ്പിനൊപ്പം മലനിരകളിലേക്ക് തൊട്ടു തൊട്ടു കിടക്കുന്ന മേഘകൂട്ടങ്ങളെയും കണ്ട് ആസ്വദിച്ച് മടങ്ങാം. ശനി , ഞായർ ദിവസങ്ങളിലാണ് ഇവിടേക്ക് ആളുകൾ കൂടുതലായി എത്തുന്നത്. കൂടുതലും നവംബർ ഡിസംബർ മാസങ്ങളിലാണ് കോട്ടപ്പാറയുടെ സൗന്ദര്യം കൂടുതലായും ആസ്വദിക്കാനാവുക. അതിനാൽ ഇനി ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുകാകും വരും നാളുകളിൽ കാണാനാവുക എന്ന് പ്രദേശവാസികളും പറയുന്നു.
പരിമിത സൗകര്യം
വാനോളം കോട്ടപ്പാറയുടെ ഭംഗിയെ പാടിപ്പുകയ്ത്തുമ്പോഴും ഇവിടെ മതിയായ സൗകര്യങ്ങളില്ല. ഇവിടെ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഒരു സൗകര്യമുള്ള ശൗചാല്യങ്ങളോ, പാർക്കിംഗ് സൗകര്യങ്ങളോ ഇവിടെ ഇല്ല. യാത്രയ്ക്ക് മടുപ്പ് ഉളവാക്കും വിധമുള്ള അസൗകര്യങ്ങൾ സഞ്ചാരികളെ ബുദ്ധിമുട്ടിക്കുകയാണ്. സത്രീകളും കുട്ടികളുമടക്കം ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.എത്രയും പെട്ടെന്ന് അതിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
'വനം വകുപ്പിന്റെ അധീനതയിലാണ് ഈ സ്ഥലം. സ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയാൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തി മനോഹരമായ ഒരു വിനോദസഞ്ചാരമേഖലയിലേക്ക് ഉയർത്തികൊണ്ട് വരാൻ സാധിക്കും. അല്ലെങ്കിൽ ഫണ്ട് വകയിരുത്തി വനംവകുപ്പുമായി സഹകരിച്ച് സൗകര്യങ്ങൾ ഉയർത്തി മനോഹരമായ മേഖലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും എല്ലാവിധ പിന്തുണയും ഉണ്ടാകും.'
(ബിജു എം.എ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ്)