
തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച് കടത്തിയ കേസിൽ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട കോത്തലയിൽ ചൊറിക്കാവുങ്കൽ വീട്ടിൽ ജോമിനി തോമസി( 42 ) നെയാണ് ശിക്ഷിച്ചത്. മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും വിധിച്ചു. തൊടുപുഴ എൻ.ഡി.പി. എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ ശിക്ഷ വിധിച്ചത്.2018 ഏപ്രിൽ ഒന്നിന് ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി. ആറും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. കേസ് കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.നുറുദ്ദീൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി. രാജേഷ് ഹാജരായി.