കട്ടപ്പന :ആറാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ഡിസംബർ 4, 5 തീയതികളിൽ കട്ടപ്പനയിൽ നടക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേർഡ്‌സ് ക്ലബ് ഇന്റർനാഷണൽ, എംജി സർവകലാശാല എൻ.എസ്എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി. കട്ടപ്പന സന്തോഷ് തിയറ്റർ, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദർശനം. 20 രാജ്യങ്ങളിൽ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകൾ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. 4ന് രാവിലെ 10ന് മിനി സ്റ്റേഡിയത്തിൽ എംജി സർവകലാശാല വൈസ് ചാൻസലർ പ്രോഫ. ഡോ. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി അദ്ധ്യക്ഷനാകും. നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ, സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്, നടൻമാരായ ടിനി ടോം, കൈലാഷ് എന്നിവർ പങ്കെടുക്കും. ഫെസ്റ്റിവെൽ ഡയറക്ടറും ചലച്ചിത്ര സംവിധായകൻ ജയരാജ് നായർ സന്ദേശം നൽകും.
ഫീച്ചർ, ഡോക്യുമെന്ററി, ഷോർട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരിക്കുന്നത്. . മികച്ച ചിത്രത്തിന് സിൽവർ എലിഫന്റ് പുരസ്‌കാരം സമ്മാനിക്കും. ഹ്രസ്വചിത്രം, ഡോക്യുമെന്ററി വിഭാഗങ്ങളിൽ മറ്റ് പുരസ്‌കാരങ്ങളും നൽകും. മുരളി തുമ്മാരുകുടിയും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും സെമിനാറുകളും നടക്കും. കൂടാതെ ചിത്ര പ്രദർശനം, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ പ്രദർശനം, സെമിനാറുകൾ, ഗ്രാമീണ കലാ പ്രദർശനങ്ങൾ എന്നിവയും നടക്കും.
5ന് വൈകിട്ട് സമാപന സമ്മേളനത്തിൽ മന്ത്രിമാരായ വി. എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
ചലച്ചിത്ര സംവിധായകരായ ജയരാജ്, പ്രദീപ് എം നായർ, റോട്ടറി ക്ലബ് പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, അഖിൽ വിശ്വനാഥൻ, സന്തോഷ് ദേവസ്യ, വിജി ജോസഫ്, ജോസ് മാത്യു, സജിദാസ് മോഹൻ, സജി കോട്ടയം, പി എം ജെയിംസ്, ജോസ് ഫ്രാൻസിസ്, എസ് സുര്യലാൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു