തൊടുപുഴ: ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തുടക്കമാകും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി.മത്സരാർത്ഥികൾക്കായി കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ.വി.എച്ച്.എസും തയ്യാറായി കഴിഞ്ഞു.26ന് രാവിലെ പത്തിന് നടക്കുന്ന വിളംബരജാഥ കഞ്ഞിക്കുഴി സി.ഐ. അനൂപ് .ജി ഫ്ലാഗോഫ് ചെയ്യും. 11ന് നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.സ്പെഷ്യൽ സ്കൂൾ കലോത്സവ വിജയികളെ അനുമോദിക്കും. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് വയലിൽ അദ്ധ്യക്ഷത വഹിക്കും.വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എം. മണിഎം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.എൻ.മോഹനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭവ്യ കണ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ലോഗോയുടെ സമ്മാനദാനം നിർവഹിക്കും. കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് മാനേജർ ബിജു മാധവൻ കലോത്സവ സന്ദേശം നൽകും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷാജി .എസ് സ്വാഗതം ആശംസിക്കും.
ഏഴ് ഉപജില്ലകളിൽ നിന്നായി
4500ഓളം മത്സരാർത്ഥികൾ
നങ്കിസിറ്റി സ്കൂളിലെ പ്റധാനവേദിക്ക് പുറമേ സെയ്ന്റ് മേരീസ് എൽ.പി.സ്കൂൾ കഞ്ഞിക്കുഴി പാരീഷ് ഹാൾ, മിനി പാരീഷ് ഹാൾ, അപ്പൂസ് ഹാൾ, വി.എച്ച്.എസ്.ഇ. ബിൽഡിങ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പത്ത് വേദികളിലും മത്സരം നടക്കും. ഏഴ് ഉപജില്ലകളിൽ നിന്നായി 4500ഓളം അധികം കലാപ്രതിഭകൾ മത്സരിക്കും. പാലിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, മംഗലംകളി,പണിയനൃത്തം എന്നീ ഇനങ്ങൾ പുതുതായി കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം 30ന് വൈകിട്ട് ആറിന് നിയമസഭ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും.
27ന് നടക്കുന്ന മത്സരഇനങ്ങൾ
മോണാആക്ട്, മിമിക്രി, വയലിൻ പാശ്ചാത്യം, വയലിൻ പൗരസ്ത്യം, ഗിത്താർ, വൃന്ദവാദ്യം, വീണ, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം,തമിഴ് പ്രസംഗം, തമിഴ് സാഹിത്യോത്സവം, ഭരതനാട്യം, കുച്ചിപ്പുഡി, ഓടക്കുഴൽ, തബല, മൃദംഗം,മദ്ദളം, ക്ലാരിനെറ്റ്,നാഗസ്വരം, ട്രിപ്പിൾ ജാസ്, കഥാപ്രസംഗം, ബാൻഡ് മേളം, രചനാ മത്സരങ്ങൾ, ചിത്രരചന പെൻസിൽ, ചിത്ര രചന ജലച്ചായം , ചിത്രരചന എണ്ണച്ചായം എന്നിവ നടക്കും.