 ഈ വർഷം ഇതുവരെ പിടികൂടിയത് 91 കിലോ ക‍ഞ്ചാവ്

തൊടുപുഴ: ജില്ലയിൽ കഞ്ചാവിനെക്കൂടാതെ സിന്തറ്റിക് ലഹരി ഉത്പന്നങ്ങളുടെ ഉപയോഗത്തിലും വർദ്ധന. ഈ വർഷം ജനുവരി ഒന്ന് മുതൽ നവംബർ 22 വരെ എക്‌സൈസിന്റെ നേതൃത്വത്തിൽ ജില്ലയിൽ 8985 പരിശോധനകളാണ് നടത്തിയത്. ഇക്കാലയളവിൽ 91 കിലോ കഞ്ചാവാണ് പിടികൂടിയത്. 898 അബ്കാരി കേസുകളും പിടികൂടി. ഇതിൽ 870 പ്രതികളാണുള്ളത്. 845 പേരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 54 വാഹനങ്ങളും പിടിച്ചെടുത്തു. 652 എൻ.ഡി.പി.എസ് കേസുകളാണ് കണ്ടെത്തിയത്. നിരോധിത പുകയിൽ ഉത്പന്ന വിൽപനയുമായി ബന്ധപ്പെട്ട 3479 കേസുകളും പിടികൂടി. ഇക്കാലയളവിൽ സിന്തറ്റിക് ലഹരികളുടെ ഉപയോഗത്തിൽ വൻ വർദ്ധനയാണുണ്ടായത്. 0.125 ഗ്രാം ഹെറോയിൻ, 0.01 ഗ്രാം ബ്രൗൺഷുഗർ, 6.59 ഗ്രാം ചരസ്, 3.225 ഗ്രാം ഹാഷിഷ്, 962 ഗ്രാം ഹാഷിഷ് ഓയിൽ,​ 49 ഗ്രാം എം.ഡി.എം.എ, മെത്താഫെറ്റമിൻ 19.259 ഗ്രാം എന്നിവയും പിടിച്ചെടുത്തു. 79 കഞ്ചാവ് ചെടികൾ, 12935 ലിറ്റർ വാഷ് എന്നിവയും പിടികൂടി.

എം.ഡി.എം.എ എത്തിയത്

എറണാകുളത്ത് നിന്ന്

വ്യാഴാഴ്ച എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ തൊടുപുഴ സ്വദേശിക്ക് മയക്കുമരുന്ന് ലഭിച്ചത് എറണാകുളത്തു നിന്ന്. വിദേശത്തു നിന്നുള്ള സുഹൃത്തു മുഖേനയാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകി. വിദേശത്തിരുന്ന് ലഹരിക്കച്ചവടം നിയന്ത്രിക്കുന്ന വണ്ണപ്പുറം സ്വദേശിയായ ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള ലഹരി മാഫിയയാണ് തൊടുപുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ കഞ്ചാവ് ഒഡീഷയിൽ നിന്ന് കൊച്ചിയിലെത്തിച്ച് അവിടെ നിന്നാണ് പിടിയിലായ പ്രതികളുടെ കൈകളിലെത്തിയത്.