തൊടുപുഴ: ഭരണഘടന രാജ്യം അംഗീകരിച്ചതിന്റെ 75 ആം വാർഷികം ആചരിക്കുന്ന 26 ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ ദിനം ആചരിക്കും.ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയെ അട്ടിമറിക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനമുള്ള തീവ്ര ശ്രമങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു. ജില്ലാ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചുള്ള ഭരണഘടനാ സംരക്ഷണ സദസ്സ് തൊടുപുഴയിൽ 26ന് ഉച്ചകഴിഞ്ഞ് 3 ന് ചിന്ന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണ്. ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണ് മണിപ്പൂരിലും കാശ്മീരിലും നടന്നുകൊണ്ടിരിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത വ്യക്തി നിയമം തുടങ്ങിയവയൊക്കെ ഭരണഘടന വിരുദ്ധമാണ്. ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ വെള്ളപൂശി സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്നത്. 'ഭരണഘടനാ സംരക്ഷണ സദസ്സ്' പി.ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ. സി.കെ വിദ്യാസാഗർ ഭരണഘടന സംരക്ഷണ പ്രഭാഷണം നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് സദസ്സിന് തുടക്കമാകും. ഭരണഘടന ശില്പികളെ അനുസ്മരിക്കും. യോഗത്തിൽ അഡ്വ. എസ് അശോകൻ, അഡ്വ. ഇ.എം ആഗസ്തി, അഡ്വ. ജോസഫ് ജോൺ, ടി.എം സലിം, റോയി കെ പൗലോസ്, അഡ്വ ജോയ് തോമസ്, സുരേഷ് ബാബു, കെ.എം.എ ഷുക്കൂർ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, രാജു മുണ്ടയ്ക്കാട്ട്, പി.സി ജയൻ, എന്നിവർ സംസാരിക്കും