pic

കട്ടപ്പന :വള്ളക്കടവ് ഇരുപതേക്കർ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തി.സിപിഎം ഇരുപതേക്കർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ ഒപ്പുശേഖരിച്ച് മന്ത്രി മുഹമ്മദ് റിയാസിനും മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ സെക്രട്ടറി സി.വി വർഗീസിനും നൽകും.

ഹൈറേഞ്ചിന്റെ കുടിയേറ്റ കാലത്തോളം പഴക്കമുള്ളതും കുട്ടിക്കാനം പുളിയന്മല മലയോര ഹൈവേയേയും അടിമാലി കുമളി ദേശീയപാത എൻഎച്ച് 185 നെയും ബന്ധിപ്പിക്കുന്നതുമായ പാതയാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്. തോട്ടം മേഖലയായ ആനവിലാസം, കടമാകുഴി,മേട്ടുക്കുഴി,വള്ളക്കടവ് എന്നീ പ്രദേശങ്ങളിലേക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന അമ്പലക്കവല ട്രൈബൽ സെറ്റിൽമെന്റിലേക്കുമുള്ള പാതകൂടിയാണിത്. എന്നാൽ റോഡ് നാളുകളായി തീർത്തും ശോച്യാവസ്ഥയിലാണ്. പലയിടങ്ങളിലും വലിയ ഗർത്തങ്ങളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമായി മാറി. പലതവണ റോഡിൽ അറ്റകുറ്റിപ്പണി നടത്തിയെങ്കിലും അവയെല്ലാം തകർന്നു. കൗൺസിലർമാർക്ക് കിട്ടുന്ന ഫണ്ട് ഉപയോഗിച്ച് പാത നവീകരണം പൂർത്തിയാകുകയില്ല. ഈ സാഹചര്യത്തിലാണ് റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണം എന്ന് ആവശ്യം ഉയർന്നത്.