saji

തൊടുപുഴ: നിരവധി വെല്ലുവിളികളെ അതിജീവിച്ച് സ്വന്തമായി വിമാനം നിർമ്മിച്ച തട്ടക്കുഴ സ്വദേശി സജി തോമസിന് സംസ്ഥാന ഭിന്നശേഷി പുരസ്കാരം. കഴിഞ്ഞ ദിവസം മന്ത്രി ആർ. ബിന്ദുവാണ് ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്ക് സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം പ്രഖ്യാപിച്ചത്. ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജന്മനാ ബധിരനും മൂകനുമായ സജി (52) 10 വർഷം മുമ്പാണ് സ്വന്തമായി വിമാനം നിർമ്മിച്ച് പറത്തിയത്. സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത സജി യന്ത്രങ്ങളുടെ പ്രവർത്തനം മനസ്സിലാക്കുന്ന കോഴ്സുകളൊന്നും പഠിച്ചിട്ടില്ല. എന്നിട്ടും സ്വന്തമായി വിമാനം നിർമ്മിച്ചു പറപ്പിച്ച ആദ്യ ഇന്ത്യക്കാരൻ സജിയാണ്. 2014 ഏപ്രിൽ 10ന് എയർഫോഴ്സിലെ റിട്ട. വിങ് കമാൻഡർ എസ്.കെ.ജെ നായർ തമിഴ്നാട്ടിലെ തിരുനൽവേലിക്കടുത്തുള്ള അംബാസമുദ്രത്തിൽ സജിയെയുമിരുത്തി വിമാനം പറപ്പിച്ചു. ആഗ്രഹത്തിന്റെ മാത്രം കരുത്തിൽ ഏഴുവർഷം പരിശ്രമിച്ചാണ് സജി വിമാനം നിർമ്മിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നിർമ്മാണത്തെ ബാധിച്ചിരുന്നു. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷ്യൻ ജോലി ചെയ്തും റബർ കൃഷിയിലെ വരുമാനം ഉപയോഗിച്ചുമാണ് വിമാനത്തിനുള്ള യന്ത്രങ്ങൾ വാങ്ങിയത്. ഇന്റർനെറ്റും പുസ്തകങ്ങളും സംശയങ്ങൾ ഇല്ലാതാക്കി. ഭാര്യ മരിയയും മകൻ ജോഷ്വയുമാണ് സജിയുടെ കരുത്ത്. 25,000 രൂപയാണ് പുരസ്കാര തുക. 2014ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. നാഷണൽ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ നാഷണൽ രജിസ്റ്ററിലും പേര് ചേർത്തു. നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷൻ അംഗീകാരവും തേടിയെത്തി.