തൊടുപുഴ: കെ.എസ്. കൃഷ്ണപിള്ളയുടെ 74-ാം രക്തസാക്ഷി ദിനാചരണവും സി.പി.എം കരിമണ്ണൂർ ഏരിയ സമ്മേളനവും ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും 26, 27, 28, 29 തീയതികളിൽ നടത്തുമെന്ന് പാർട്ടി കരിമണ്ണൂർ ഏരിയാ സെക്രട്ടറി പി.പി. സുമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതാക, കൊടിമര, ദീപശിഖ, ഛായാചിത്ര ജാഥകൾ എന്നിവ ഇന്ന് വൈകിട്ട് അഞ്ചിന് കരിമണ്ണൂരിൽ സംഗമിക്കും. കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിൽ പണി പൂർത്തീകരിച്ച ഏരിയ കമ്മിറ്റി ഓഫീസും രക്തസാക്ഷി ദിനാചരണവും 27ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഓഫീസിനോടനുബന്ധിച്ചുള്ള എ. രാധാകൃഷ്ണൻ സ്മാരക ഹാൾ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ. ജയചന്ദ്രനും ടി.വി. ചന്ദ്രൻ സ്മാരക ലൈബ്രറി എം.എം. മണി എം.എൽ.എയും ഏരിയ കമ്മിറ്റി കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി സി.വി. വർഗീസും ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കരിമണ്ണൂർ ഹൈസ്‌കൂൾ കവലയിൽ നിന്ന് പൊതുപ്രകടനം ആരംഭിക്കും. ചുവപ്പ് സേനാ മാർച്ച് ഹൈസ്‌കൂൾ ജംഗ്ഷനിലെ പറയന്നിലം മൈതാനിയിൽ നിന്ന് ആരംഭിക്കും. പൊതുപ്രകടനത്തിൽ നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യമേളങ്ങളും പൂക്കാവടിയും അണിനിരക്കും. തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിക്ക് സമീപമുള്ള വരിക്കശേരി മൈതാനിയിലെ സീതാറാം യെച്ചൂരി നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം സിനിമാ പിന്നണി ഗായിക പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റും അരങ്ങേറും. 28, 29 തീയതികളിൽ പുതിയ പാർട്ടി ഓഫീസിലെ എ. രാധാകൃഷ്ണൻ സ്മാരക ഹാളിലാണ് ഏരിയാ സമ്മേളനം. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ. സദാനന്ദസൻ, പി.ജെ. ഉലഹന്നൻ, കെ.ജി. വിനോദ് എന്നിവരും പങ്കെടുത്തു.