പലപദ്ധതികൾക്കായി ആകെ ചെലവാക്കുന്നത് 80 കോടി

ഇടുക്കി: കട്ടപ്പന നഗരസഭയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 20.6 കോടി രൂപയുടെ പ്രവൃത്തിക്ക് അമൃത് സ്വാപ് 3 പ്രകാരം അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുടങ്ങിപ്പോയ 2002ലെ ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി (എ.ആർ.പി) നവീകരിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കട്ടപ്പന നഗരസഭയുടെ വിതരണ ശൃംഖല വിപുലീകരിക്കുന്നതിന് 16.35 കോടി രൂപയുടെ പ്രവൃത്തികൾ അമൃത് സ്വാപ് 2 പ്രകാരം നടന്നുവരികയാണ്. ഇതിനു പുറമെയാണ് അമൃത് സ്വാപ് 3 പ്രകാരം ഇപ്പോൾ അനുമതി ലഭിച്ച 20.6 കോടി രൂപയുടെ ഭരണാനുമതി. 57.8 കിലോമീറ്റർ ദൂരത്തിൽ വിതരണ ശൃംഖലകളും 4000 കുടിവെള്ള കണക്ഷനുകളുമാണ് ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇങ്ങനെ അമൃത് പദ്ധതി പ്രകാരം 7420 കുടിവെള്ള കണക്ഷനുകളാണ് നഗരസഭയിൽ കൊടുക്കാൻ ഉദ്ദേശിക്കുന്നത്. കട്ടപ്പന, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾക്കായി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഫണ്ടുകളുടെ അപര്യാപ്തത മൂലം അവ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അന്ന് തോണിത്തടിയിലെ കിണർ, ആലടിയിൽ ഏഴു ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണശാല, ലബ്ബക്കട, കൽത്തൊട്ടി, മേപ്പാറ, നരിയംപാറ ടോപ്പ്, നരിയംപാറ ബോട്ടം, മുളകരമേട്, കൊച്ചുതോവാള, മേരികുളം, ആലടി കുരിശുമല എന്നിവിടങ്ങളിലെ സംഭരണികൾ, വിവിധ പ്രദേശങ്ങളിലെ വിതരണ പ്രേഷണ ലൈനുകൾ എന്നിവ പൂർത്തിയാക്കിയിരുന്നു.

പിന്നീട് നഗരസഭയായ കട്ടപ്പനയിൽ കിഫ്ബിയുടെ സഹായത്തോടെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ച് കുടിവെള്ള വിതരണം സാധ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കട്ടപ്പന നഗരസഭയിൽ മുടങ്ങിക്കിടന്നിരുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും കൂടുതൽ ജലലഭ്യത ഉറപ്പാക്കുന്നതിലേക്കുമായി അഞ്ചുരുളിയിൽ നിന്ന് വെള്ളം ലഭിക്കുന്നതിനുമുൾപ്പെടെ 43 കോടി രൂപയുടെ ഫണ്ടും ലഭ്യമാക്കും.

=നഗരസഭയിൽ നിലവിൽ ബോർവെൽ സംവിധാനത്തിൽ പ്രവർത്തിച്ചുവരുന്ന ഒരു മിനി കുടിവെള്ള പദ്ധതിയാണ് നിലവിലുള്ളത്.

അഞ്ചുരുളിയിൽ പുതിയ

ശുദ്ധീകരണശാല

അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 ദശലക്ഷം ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ നിന്നും 10 എം.എൽ.ഡി വെള്ളം പ്രത്യേക ലൈൻ സ്ഥാപിച്ച് നഗരസഭയിലെ കല്ലുകുന്നിൽ പുതുതായി സ്ഥാപിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് കിഫ്ബിയിൽ നിന്ന് ലഭ്യമാകുന്ന തുക കൊണ്ട് ഉദ്ദേശിക്കുന്നത്. 27.5 കോടി രൂപ അടങ്കൽ തുകയുള്ള അഞ്ചുരുളിയിലെ പുതിയ ജലശുദ്ധീകരണ ശാല ഡിസംബറോടെ പണി തുടങ്ങും. നഗരസഭയിലെ ബാക്കി ഇടങ്ങളിൽ വിതരണ ശൃംഖല സ്ഥാപിച്ച് കണക്ഷനുകൾ കൊടുക്കുന്നതിന് വേണ്ട എസ്റ്റിമേറ്റ് പുതിയ ഭരണാനുമതിക്ക് വേണ്ടി തയ്യാറാക്കി വരുന്നു. ആലടിയിൽ സജ്ജമാക്കിയിട്ടുള്ള ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമാകുമ്പോൾ അമൃത് പദ്ധതിയിൽ സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളിലും ഇവയിലെ കണക്ഷനുകളിലും കുടിവെള്ളം ലഭ്യമാകും. ഇതു കൂടി ചേരുമ്പോൾ കട്ടപ്പന കുടിവെള്ള പദ്ധതിയ്ക്കാകെ 80 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കാൻ പോകുന്നത്.